രൂപേഷിന്റെ ഓഫീസ് സൗകര്യം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

Thursday 10 April 2025 1:11 AM IST

ആലപ്പുഴ: കെ.എ.എസ് ഒന്നാം റാങ്കുകാരനും കാഴ്ച പരിമിതനുമായ ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് ഇൻഷ്വറൻസ് ഓഫീസർ എച്ച്.രൂപേഷിന്റെ ഓഫീസ് സൗകര്യങ്ങൾ സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. വെള്ളിയാഴ്ച രാവിലെ 10ന് ആലപ്പുഴ റസ്റ്റ് ഹൗസിൽ ചേരുന്ന കമ്മിഷൻ സിറ്റിംഗിൽ ഹാജരാകാൻ നിർദ്ദേശിച്ചു.

രൂപേഷിന് ലിഫ്റ്റ് സൗകര്യമില്ലാത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് സംബന്ധിച്ചും, ഇതിന് പരിഹാരമായി താഴത്തെ നിലയിലെ ചെറിയ മുറിയിൽ ഒറ്റയ്ക്ക് ഇരുത്താനുള്ള നീക്കം സംബന്ധിച്ചും 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

അതേസമയം, രൂപേഷ് തസ്തികമാറ്റം സ്വയം ആവശ്യപ്പെട്ടിരുന്നതാണെന്ന ജില്ലാ കളക്ടറുടെ വിശദീകരണത്തിനെതിരെ സാമൂഹിക പ്രവർത്തകർ രംഗത്തെത്തി. 2024 മേയ് 24ന് രൂപേഷ് സമർപ്പിച്ച സബ്മിഷനിൽ നിർബന്ധിത സ്ഥലംമാറ്റമുണ്ടാവുകയാണെങ്കിൽ മാത്രമേ തന്നെ ട്രാൻസ്ഫർ ചെയ്യാവൂ എന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ,​ ഭിന്നശേഷി കൂടുതലുള്ള ഒരാൾക്ക് വേണ്ടിയോ, തിരഞ്ഞെടുപ്പ് പോലുള്ള അടിയന്തര ഘട്ടത്തിലോ അല്ല രൂപേഷിനെ സ്ഥലംമാറ്റിയത്.

ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന ആർ.പി.ഡബ്ല്യു.ഡി ആക്ട് അനുസരിച്ച് തുടർച്ചയായ വർഷങ്ങൾ ഭിന്നശേഷിക്കാരെ ഒരേ ഓഫീസിൽ തന്നെ തുടരാൻ അനുവദിക്കാമെന്നാണ്. 2023 ജൂലായിൽ രൂപേഷ് ആലപ്പുഴ കളക്ടറേറ്റിൽ ആർ.ആർ ഡപ്യൂട്ടി കളക്ടറായി പ്രവേശിച്ചു. 2024 ജനുവരിയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴ വഴിച്ചേരിയിലെ ഭൂപരിഷ്കരണ അപ്പലേറ്റ് അതോറിട്ടിയിലേക്ക് മാറ്റി. ആഗസ്റ്റിൽ വീണ്ടും ആർ.ആർ ഡപ്യൂട്ടി കളക്ടറായി പുനർനിയമിച്ചു. കഴിഞ്ഞ മാർച്ചിൽ ഇൻഷ്വറൻസ് ഓഫീസിലേക്ക് മാറ്റി. ഇതോടെ ഒന്നര വർഷത്തിനിടെ മൂന്നാമത്തെ സ്ഥലംമാറ്റമാണ് രൂപേഷിന് നേരിടേണ്ടിവന്നത്.