ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നൈറ്റ് ക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ്: 113 മരണം
Thursday 10 April 2025 7:21 AM IST
സാന്റോ ഡൊമിൻഗോ : കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നൈറ്റ് ക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 113 പേർ മരിച്ചു. 155 പേർക്ക് പരിക്കേറ്റു. ഡൊമിനിക്കൻ ഗായകൻ റബ്ബി പെരസ്, മുൻ ബേസ്ബോൾ താരങ്ങളായ ഒക്ടേവിയോ ഡോട്ടൽ, ടോണി ബ്ലാങ്കോ, പ്രവിശ്യാ ഗവർണർ നെൽസി ക്രൂസ് എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നതായി അധികൃതർ പറയുന്നു.
പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ തലസ്ഥാനമായ സാന്റോ ഡൊമിൻഗോയിലെ ജെറ്റ് സെറ്റ് നൈറ്റ് ക്ലബ്ബിലായിരുന്നു സംഭവം. റബ്ബി പെരസിന്റെ സംഗീത പരിപാടിയ്ക്കിടെയായിരുന്നു അപകടം. ഇന്നലെ രാവിലെയാണ് പെരസിന്റെ മൃതദേഹം കണ്ടെത്തിയത്. അപകട സമയം ക്ലബ്ബിനുള്ളിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. കലാ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ള നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.