വിജയദിനാഘോഷം: മോദിയെ ക്ഷണിച്ച് റഷ്യ

Thursday 10 April 2025 7:23 AM IST

മോസ്‌കോ: റഷ്യയുടെ 80 -ാം വിജയദിന (വിക്ടറി ഡേ) ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് റഷ്യ. മേയ് 9നാണ് വിജയ ദിനം. വിജയ ദിന പരേഡ് കാണാൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രതീക്ഷിക്കുന്നതായി റഷ്യൻ ഉപ വിദേശകാര്യ മന്ത്രി ആൻഡ്രെ റുഡെൻകോ പറഞ്ഞു.

ഔദ്യോഗിക ക്ഷണം ഇന്ത്യയ്ക്ക് അയച്ചു കഴിഞ്ഞെന്നും ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച ചർച്ചയിലാണെന്നും റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കൊല്ലത്തെ വിജയ ദിന പരേഡിൽ പങ്കെടുക്കാൻ മറ്റ് സുഹൃദ് രാജ്യങ്ങളിലെ നേതാക്കളെയും റഷ്യ ക്ഷണിച്ചിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയ്ക്ക് മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ വാർഷികമാണ് റഷ്യയിൽ വിജയദിനം ആയി ആചരിക്കുന്നത്. മോസ്കോയിലെ റെഡ് സ്‌ക്വയറിൽ അരങ്ങേറുന്ന പ്രൗഢ ഗംഭീരമായ പരേഡിൽ റഷ്യയുടെ കരുത്ത് തെളിയിക്കുന്ന അത്യാധുനിക ആയുധങ്ങളും യുദ്ധവിമാനങ്ങളും ആണവശേഷിയുള്ള മിസൈലുകളും അണിനിരക്കും.

പുട്ടിൻ അധികം വൈകാതെ ഇന്ത്യ സന്ദർശിക്കുമെന്നും റഷ്യ അടുത്തിടെ അറിയിച്ചിരുന്നു. 2021 ഡിസംബറിലാണ് പുട്ടിൻ അവസാനമായി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വർഷം രണ്ട് തവണ മോദി പുട്ടിനുമായി റഷ്യയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലായിൽ മോസ്കോയിൽ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലും ഒക്ടോബറിൽ കസാനിലെ ബ്രിക്സ് ഉച്ചകോടിയിലും ഇരുനേതാക്കളും പങ്കെടുത്തിരുന്നു.