അവധി ആഘോഷത്തിമിർപ്പ് ടൂറിസം മേഖല ഹാപ്പി

Friday 11 April 2025 12:50 AM IST

കോട്ടയം : വേനൽ അവധി, പിന്നാലെ വിഷുവും, ഈസ്റ്ററും അടക്കം ആഘോഷരാവുകൾ. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തിരക്കിലമരുകയാണ്. പകൽച്ചൂടുണ്ടെങ്കിലും ടൂറിസം കേന്ദ്രങ്ങളിലെ ഭക്ഷണ ശാലകളിലും തിരക്കോട് തിരക്ക്.

ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഹൗസ് ഫുൾ. തണുപ്പ് തുടങ്ങിയതോടെ വാഗമണ്ണിലും, ഇല്ലിക്കൽക്കല്ലിലും തിരക്കേറി. കുമരകത്ത് വിദേശ സഞ്ചാരികളും നിരവധിപ്പേരെത്തുന്നുണ്ട്. ഹോട്ടലുകളിലും ഷാപ്പുകളിലും രുചിനുകരാൻ കുടംബത്തോടെയാണ് ആളുകളുടെ വരവ്. കുമരകം കരിമീനിന് വിലകുറഞ്ഞതോടെ അന്യജില്ലകളിൽനിന്ന് കരിമീൻ രുചിക്കാൻ എത്തുന്നവരുമേറെയാണ്. ഹൗസ് ബോട്ടിൽ യാത്ര ചെയ്തും റിസോർട്ടുകളിലും ഹോംസ്റ്റേകളിലും രാത്രി ചെലവഴിച്ചും അടിച്ചുപൊളിക്കുകയാണ്. വിഷു തിങ്കളാഴ്ച ആയതിനാലും , ദു:ഖവെള്ളിയും ഉൾപ്പെടെയുള്ള അവധിദിനങ്ങളും കണക്കാക്കി ഉദ്യോഗസ്ഥരും ടെക്കികളും കൂടുതലായെത്തുന്നുണ്ട്. ഹോട്ടൽ, ഹോംസ്റ്റേകളിൽ ബുക്കിംഗാണ്. വൈകിട്ട് മഴയുള്ളതിനാൽ മലയോരത്തെ മഴ ആസ്വദിക്കാനും തിരക്കാണ്. വാഗമണ്ണിലെ മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, വിവിധ വ്യൂ പോയിന്റുകൾ, തേയിലത്തോട്ടങ്ങൾ, അഡ്വഞ്ചർ പാർക്ക്, സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്കാണ്.

ഡിമാൻഡ് പാക്കേജ് ബുക്കിംഗിന്

അവധിക്കാലം വിദേശത്തേയ്ക്കുള്ള ട്രെൻഡ് തടയാൻ ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിലേക്ക് പോകുംവിധമാണ് പാക്കേജ്. ഏജൻസികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ റിസോർട്ടുകളും ഹൗസ് ഫുള്ളാണ്.

അനുകൂല ഘടകങ്ങൾ

വേനൽ അവധിയുടെ ആവേശം

വിശേഷദിനങ്ങൾ അടുത്തടുത്ത്

ആഭ്യന്തര സഞ്ചാരികൾ ഒഴുകുന്നു

വിദേശ സഞ്ചാരികളും എത്തുന്നു

ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് പ്രിയം

''ബുക്കിംഗ് ഇത്തവണ കൂടുതലാണ്. പലയിടങ്ങളിലും റൂം കിട്ടാനില്ല. കാലാവസ്ഥയും അനുകൂലമാണ്.

ടൂറിസം സംരഭകർ