കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് സുരക്ഷാകാമറകൾ പ്രവർത്തിച്ചിരുന്നു

Wednesday 04 September 2019 2:32 AM IST

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച്‌ മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവം നടന്ന സമയത്ത് കവടിയാർ മുതൽ അപകട സ്ഥലമായ മ്യൂസിയം വരെയുള്ള ഭാഗത്ത് പൊലീസിന്റെ സുരക്ഷാ കാമറകൾ പ്രവർത്തിച്ചില്ലെന്ന വാദം തെ​റ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. ആഗസ്​റ്റ് രണ്ടിന് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ രാജ്ഭവൻ ഭാഗത്തും മ്യൂസിയം ഭാഗത്തും കാമറകൾ പ്രവർത്തിച്ചിരുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. അപകടം നടന്നത് ആഗസ്​റ്റ് മൂന്നിന് പുലർച്ചെയാണ്.

തലസ്ഥാന നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന 233 കാമറകളിൽ 77 എണ്ണം മാത്രമാണ് പ്രവർത്തിക്കാത്തതെന്നും 144 എണ്ണം പ്രവർത്തിച്ചിരുന്നുവെന്നും പൊലീസ് നൽകിയ രേഖയിൽ വ്യക്തമാക്കുന്നു. 12 കാമറകൾ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഇളക്കിമാ​റ്റി. മ്യൂസിയം ഭാഗത്തും രാജ്ഭവൻ ഭാഗത്തും പൊലീസിന്റെ കാമറകൾ പ്രവർത്തിച്ചുപോരുന്നു. മ്യൂസിയം ഭാഗത്ത് നാല് കാമറകളുണ്ട്. ഒരു ഡൂം കാമറയും 3 ഫിക്‌സഡ് കാമറകളും. ഇവയെല്ലാം പ്രവർത്തിച്ചിരുന്നു. രാജ്ഭവൻ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന മൂന്ന് കാമറകളിൽ രണ്ടെണ്ണം തകരാറിലായിരുന്നുവെങ്കിലും ഒരെണ്ണം പ്രവർത്തിക്കുന്നതാണെന്നാണ് വിവരാവകാശ പ്രകാരം കാക്കനാട് സ്വദേശി രാജ് വാഴക്കാലയ്ക്ക് നൽകിയ മറുപടിയിൽ സി​റ്റി പൊലീസ് വ്യക്തമാക്കുന്നത്.