കുടുംബശ്രീ വിപണനമേള തുടങ്ങി, വിഷുവിന് വിഷരഹിത പച്ചക്കറി

Friday 11 April 2025 1:02 AM IST

കോട്ടയം : വിഷുസദ്യയൊരുക്കാൻ വിഷരഹിത പച്ചക്കറിയുമായി കുടുംബശ്രീ വിപണനമേള ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ തുടങ്ങി. വിവിധ സി.ഡി.എസുകളിൽ നിന്നുള്ള 50 ഓളം കൃഷി ഗ്രൂപ്പുകളുടെ ചക്ക, തണ്ണിമത്തൻ, കണി വെള്ളരി, ചീര, പയർ, കോവയ്ക്ക, പടവലങ്ങ, ഏത്തയ്ക്ക തുടങ്ങി 18 ഓളം കാർഷിക ഉത്പന്നങ്ങളും, 5 കുടുംബശ്രീ യൂണിറ്റുകളുടെ 27 ഓളം ഉത്പന്നങ്ങളും മേളയിൽ ലഭ്യമാണ്. കാർഷിക ഉത്പന്നങ്ങൾ കൂടാതെ, പപ്പടം, മസാലപൊടികൾ, ശർക്കരപ്പൊടി, വെളിച്ചെണ്ണ, സ്‌നാക്ക്‌സുകൾ, ചട്‌നിപൊടി എന്നിവയും മേളയിലുണ്ട്. അവൽഗോതമ്പ്, ചെറുപയർ അവൽ എന്നിവയാണ് മുഖ്യആകർഷകം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മേള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിനോ ആദ്യ വിപണനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി സാജൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ജോബി ജോൺ, അനൂപ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. മേള 11ന് സമാപിക്കും. രാവിലെ 10 മുതൽ 5 വരെയാണ് പ്രവർത്തനം.

വില ഇങ്ങനെ

പയർ : 60, മാങ്ങ : 50, കോവയ്ക്ക : 50, ചേമ്പ് : 40, ചക്ക : 40, വാളൻപുളി : 270, ഏത്തയ്ക്ക : 70, മത്തങ്ങ : 20, തടപയർ : 50, പടവലങ്ങ : 45, വെള്ളരിക്ക : 35, തണ്ണിമത്തൻ : 25, മുരിങ്ങക്ക : 35, വഴുതനങ്ങ : 40.