വിപണിയിൽ താരമായി പ്ലാസ്റ്റിക്ക് കൊന്നപ്പൂക്കൾ.... കണിക്കൊന്ന ചതിച്ചാലും ഇനി കണി കാണാം

Friday 11 April 2025 12:14 AM IST

കോട്ടയം : നേരത്തെ പൂത്തു കൊഴിഞ്ഞു തീരാറായ കണിക്കൊന്നയെ ഓർത്ത് നൊമ്പരപ്പെടേണ്ട, വിഷുക്കണിയൊരുക്കാൻ തണ്ടു നിറയെ ഇലകളും പൂക്കളുമായി പ്ലാസ്റ്റിക് കൊന്ന പൂക്കൾ വിപണിയിലുണ്ട്. പ്ലാസ്റ്റിക്കിലും തുണിയിലും തീർത്ത നിറം മങ്ങാതെ വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന കൊന്നപ്പൂക്കളാണ് ഇപ്പോൾ വിപണിയിലെ താരം. ഇലയും തണ്ടും അടങ്ങിയ പൂങ്കുലയ്ക്ക് 40 രൂപയാണ് വില. പൂക്കളും മൊട്ടുകളും നിറഞ്ഞ് ഒറിജിനലിനെ വെല്ലും. പൂക്കൾ വാടി കൊഴിയില്ലെന്നതിനാലും കണിയൊരുക്കിയശേഷം വീടിന് അലങ്കാരമായി വയ്ക്കാൻ കഴിയുന്നതിനാലും പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്ക് ആവശ്യക്കാർ ഏറെയാണ്. വിഷുവിന് രണ്ട് ദിവസം മുൻപ് മുതലാണ് കൊന്നപ്പൂക്കളെത്തുകയെങ്കിൽ ആഴ്ചകളായി പ്ലാസ്റ്റിക് പൂക്കൾ വിപണിയിലുണ്ട്. നഗരപ്രദേശങ്ങളിലുള്ളവരാണ് ആവശ്യക്കാരേറെ. എന്നാൽ പാരമ്പര്യം മുറുകെ പിടിക്കുന്ന പ്രായമായവർക്ക് ഒറിജിനലിനോടാണ് പ്രിയം. നഗരത്തിലെ വൻകിട സ്ഥാപനങ്ങളടക്കം അണിഞ്ഞൊരുങ്ങിയിരിക്കുന്നത് പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളാലാണ്.

കണികാണാൻ ഉണ്ണിക്കണ്ണന്മാരും

മലയാളിയ്ക്ക് കണി കണ്ടുണരാൻ പതിവ് തെറ്റിക്കാതെ കൃഷ്ണ വിഗ്രഹങ്ങളും ഒരുങ്ങി. നീല, ചന്ദനം, പച്ച തുടങ്ങി വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള വിഗ്രഹങ്ങളാണ് പാതയോരത്തും മറ്റും നിരന്നിരിക്കുന്നത്. 200 - 1000 വരെയാണ് വില. ഉരുളികൃഷ്ണനാണ് ആവശ്യക്കാരേറെ. 350 രൂപയാണ് വില. കൂടാതെ, പ്ലാസ്റ്റർ ഒഫ് പാരീസിലും, ഫൈബറിലും, വൈറ്റ് സിമന്റിൽ നിർമ്മിച്ചതുമായ വിഗ്രഹങ്ങളുമുണ്ട്.

വിഷു അടുത്തതോടെ തിരക്കേറെയാണ്. കൂടുതൽ ആവശ്യക്കാർ ഉരുളികൃഷ്ണനാണ്.

(ബി.ശശികുമാർ, തിരുനക്കര വ്യാപാരി)