ഇവൾ, കേരളത്തിന്റെ സ്നേഹ 'നിധി'
ക്രൗര്യങ്ങളുടെ കറവീണ തുടർവർത്തമാനങ്ങളുടെ കെട്ട കാലത്തും കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രകാശവലയമുള്ള ചില ചെറിയ വാർത്തകളുണ്ടാകുമല്ലോ. കരഘോഷമൊന്നുമില്ലാതെയും, ആഘോഷാരവങ്ങളില്ലാതെയും നിശബ്ദം കടന്നുപോകുന്ന അത്തരം ചില കുഞ്ഞുവർത്തമാനങ്ങളാണ് ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങൾക്ക് പലപ്പോഴും പ്രത്യാശയുടെ ആലംബമാവുക. അത്തരമൊരു പ്രകാശരേഖയാണ്, ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ പെൺകുരുന്നിനെ 'നിധി" എന്നു പേരിട്ട്, എല്ലാ മലയാളികളുടെയും മകളായി ഏറ്റെടുത്തതിലൂടെ സംസ്ഥാന ആരോഗ്യ വകുപ്പും ശിശുക്ഷേമ സമിതിയും വരച്ചുചേർക്കുന്നത്. കരുണ തീർത്തും വറ്റിയിട്ടില്ലാത്തൊരു ലോകത്തും കാലത്തുമാണല്ലോ ജീവിച്ചിരിക്കുന്നത് എന്നൊരു ആശ്വാസം അതു വായിക്കുന്ന എല്ലാ നല്ല മനുഷ്യരുടെ മനസിലും പ്രകാശം പരത്തും.
ഒന്നരമാസം മുമ്പ്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഈ പൊന്നോമന ഉപേക്ഷിക്കപ്പെട്ടത്; അഥവാ, മലയാളത്തിന്റെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങുവാനുള്ള വിധിനിയോഗവുമായി അവൾ പിറന്നുവീണത്. കോട്ടയത്തു നിന്ന് ജാർഖണ്ഡിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൊച്ചിയിലിറങ്ങി അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു, അജ്ഞാതനായ ആ ജാർഖണ്ഡ് സ്വദേശി. കോട്ടയത്തെ ഏതോ മത്സ്യഫാമിൽ ജോലിചെയ്യുകയായിരുന്നു ഈ ദമ്പതികളെന്നാണ് വിവരം. അച്ഛനമ്മമാരുടെ എല്ലാ ജീവിതപ്രയാസങ്ങളും ശരീരത്തിലേറ്റുവാങ്ങി അവൾ ഭൂമിയിലേക്കു വരുമ്പോൾ 950 ഗ്രാം മാത്രമായിരുന്നു ഭാരം! നിവൃത്തികേടിന്റെ നിസഹായ നിമിഷങ്ങളിലാകാം ആ അച്ഛനും അമ്മയും അവളെ ഉപേക്ഷിച്ചുകളഞ്ഞതെന്നു തന്നെ നമുക്ക് കരുതാം. ഏറ്റെടുക്കാൻ ആരുമില്ലാതെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ അവളെ, സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റിയതും, ഇപ്പോൾ സർക്കാർ ആ കുഞ്ഞിന്റെ സംരക്ഷണമേറ്റതും.
കുഞ്ഞിനെ ഏറ്റെടുത്തുകൊണ്ട് അവൾക്ക് 'നിധി" എന്നു പേരിട്ടതും മന്ത്രി വീണാ ജോർജ് തന്നെ. 'ഈ മകൾ മാത്രമല്ല, ഓരോ കുഞ്ഞും ഒരു അമൂല്യ സമ്പത്താണെന്നും, അതുകൊണ്ടുതന്നെയാണ് കുഞ്ഞിന് നിധി എന്ന് പേരിട്ട"തെന്നും പറഞ്ഞ മന്ത്രി വീണാ ജോർജിന്റെ അമ്മ മനസ്, കാരുണ്യത്തിന്റെയും കരുതലിന്റെയും തെളിനീര് വറ്റിയിട്ടില്ലാത്ത ഓരോ മലയാളിയുടെയും മനസാണ്. വലിഞ്ഞുമുറുകിയിരിക്കുന്ന ഏതു മുഖത്തിന്റെയും പേശീമുറുക്കം അയച്ച്, അവിടെ നേർത്തൊരു മന്ദഹാസത്തിന്റെ ദേവമുദ്രയെഴുതുന്നതാണ് ഓരോ കുഞ്ഞുമുഖവും. മനുഷ്യസഹജമായ വിചാരങ്ങളുടെ കളങ്കമേതുമില്ലാതെ പിറക്കുന്ന ഓരോ കുഞ്ഞും അതുകൊണ്ടുതന്നെ ദൈവത്തിനു സമമത്രെ. കാപട്യങ്ങളുടെയും ക്രൗര്യത്തിന്റെയും കാലത്ത് നിഷ്‌കളങ്കതയുടെ സ്നേഹപാഠം നമ്മെ പഠിപ്പിക്കുവാൻ കൂടിയായിരിക്കണം ഈ 'നിധി"യുടെ തിരുപ്പിറവിയെന്നും അവളെ മകളായി സ്വീകരിച്ചുകൊണ്ട് നമുക്ക് വിശ്വസിക്കാം.
കുഞ്ഞുങ്ങളോടുള്ള ക്രൂരതകളുടെ വർത്തമാനങ്ങൾ കൂടി ചേർന്നതാണ്, കേരളത്തിലെ ദൈനംദിന കിരാതവൃത്തികളുടെ ക്രൈം റേറ്റ്. അത്തരം കറുത്ത ചെയ്തികളുടെ ഇരകളാക്കപ്പെട്ട് ശിശു ക്ഷേമ സമിതിയിലെത്തുന്ന കുട്ടികളുടെ എണ്ണവും കൂടിവരികയാണ്. എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണത്തിൽ പൂർണാരോഗ്യവതിയായി, ഇന്ന് ശിശുക്ഷേമ സമിതിയുടെ കൈകളിലേക്ക് ഏറ്റുവാങ്ങപ്പെടുന്ന 'നിധി", സംസ്ഥാനത്തിന്റെ സ്വന്തം മകളായി വളരുമ്പോൾ അവളുടെ ജീവിതയാത്രയിലുടനീളം കരുതലും തുണയും പ്രാർത്ഥനയുമായി കൂടെയുണ്ടാകുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് വീണ്ടെടുക്കുക മാത്രമല്ല, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെയോർത്ത് നൊമ്പരംകൊള്ളുന്ന നമ്മുടെ മനസിലേക്ക് പ്രത്യാശയുടെ ഒരു പ്രഭാപുഷ്‌പത്തെക്കൂടിയാണ് ആരോഗ്യ വകുപ്പും ശിശുക്ഷേമ സമിതിയും ചേർന്ന് വീണ്ടെടുത്തു നൽകുന്നതെന്ന് നന്ദിപൂർവം, സ്നേഹപൂർവം ഓർമ്മയിൽ വയ്ക്കുക. നിധി നമ്മുടെ മകളായി വളരട്ടെ.