കൃഷിയെ തഴഞ്ഞ് പട്ടിണി മാറ്റാനാവില്ല, രാജ്യരക്ഷ ഭക്ഷ്യസുരക്ഷയിൽ
രാജ്യത്തിന്റെ ജീവനാഡിയായ കാർഷിക മേഖലയെ മുച്ചൂടും മുടിച്ച് തരിപ്പണമാക്കുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ കാർഷിക വളർച്ചാനിരക്ക് 0.4 ശതമാനമായി കുത്തനെ ഇടിഞ്ഞുവെന്ന സംഭ്രമജനകമായ വിവരം പുറത്തുവിട്ടത് കേന്ദ്ര സർക്കാർ തന്നെയാണ്. ഒറ്റവർഷംകൊണ്ട് ഉണ്ടായത് 10.6 ശതമാനത്തിന്റെ ഭീമമായ ഇടിവ്! ഇന്ത്യ ഒരു കാർഷിക രാജ്യമാണെങ്കിലും ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നത് കാർഷിക മേഖലയും കർഷകരുമാണ്. കാർഷികോത്പാദന വളർച്ചാ നിരക്കിൽ ഇന്ത്യ ലോകത്തെ ഏറ്റവും ദരിദ്രമായ അവികസിത രാജ്യങ്ങളെക്കാൾ താഴേക്കു പോകുന്നു. ജനസംഖ്യയിൽ 70 ശതമാനം പേരും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാജ്യത്ത് കാർഷിക മേഖലയുടെ തകർച്ച പ്രവചനാതീതമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന സത്യം അറിയാതെ പോകേണ്ടതല്ല. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കോടാനുകോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ അതീവഗുരുതര പ്രശ്നമായി മാറുന്ന പശ്ചാത്തലത്തിൽ, ഈ കൊടുംപ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവീഴ്ത്തിയത് ഇന്ത്യൻ ഭരണകൂടം പിന്തുടരുന്ന തലതിരിഞ്ഞ നയങ്ങളാണെന്ന് പ്രഥമ വീക്ഷണത്തിൽത്തന്നെ തിരിച്ചറിയാം. ഭക്ഷ്യസുരക്ഷയെയും ഭക്ഷ്യ സ്വയംപര്യാപ്തതയെയും കുറിച്ചുള്ള കനവുകൾ കരിച്ചുകളയുന്നതാണ് ഈ നയങ്ങൾ. ഓരോ കൃഷിക്കാരനും വാർഷിക കടബാദ്ധ്യത 74,000 രൂപയോളം വരുമെന്നാണ് കേന്ദ്രത്തിന്റെ വാർഷിക സർവേ റിപ്പോർട്ട് പറയുന്നത്. ആകെ ഉത്പാദനത്തിൽ വ്യാവസായിക മേഖലയുടെ പങ്ക് 27.6 ശതമാനവും കാർഷിക മേഖലയുടെ പങ്ക് 17.7 ശതമാനവുമാണ്. രാജ്യത്തെ തൊഴിൽ ശക്തിയുടെ 47 ശതമാനവും കാർഷിക മേഖലയിലാണ്.
കൃഷിക്കു നേരെ കണ്ണടയ്ക്കരുത് നാടിന്റെ നട്ടെല്ലായ കാർഷിക- ഗ്രാമീണ സമ്പദ്വ്യവസ്ഥയെ മോദി സർക്കാർ അവഗണിക്കുകയായിരുന്നു. കാർഷികോത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനോ ഉത്പാദന ചെലവുകൾക്ക് മതിയായ സഹായം നൽകുന്നതിനോ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്പാദന ചെലവും അതിന്റെ 50 ശതമാനവും ഉൾപ്പെടുത്തിയുള്ള താങ്ങുവിലയാണ് ഡോ. എം.എസ്. സ്വാമിനാഥന്റെ ശുപാർശ. ഇത് നിയമപരമായി ഉറപ്പാക്കണമെന്നായിരുന്നു 380 ദിവസം നീണ്ടുനിന്ന സമരത്തിലെ പ്രധാന ആവശ്യം. അത് ഇതേവരെ നടപ്പാക്കിയിട്ടില്ല. 2023- 24ൽ വിവിധ വിഭാഗങ്ങൾക്കായി മൊത്തം ബഡ്ജറ്റ് വിഹിതം 45 ലക്ഷം കോടിയായിരുന്നപ്പോൾ, കാർഷിക മേഖലയ്ക്ക് അനുവദിച്ചത് 1.25 ലക്ഷം കോടി രൂപ മാത്രമായിരുന്നു (മൊത്തം ബഡ്ജറ്റ് തുകയുടെ 2.8 ശതമാനം). രൂക്ഷമായ തൊഴിലില്ലായ്മയും ഉയർന്ന തോതിലുള്ള നാണ്യപ്പെരുപ്പവും വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വവും പട്ടിണിയും രാജ്യത്തെ സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇരുപതിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള 46 ശതമാനം പേരും തൊഴിൽരഹിതരാണ്. പരമദരിദ്രരുടെ എണ്ണം 13.4 കോടിയിലെത്തിയതായി ഓക്സ്ഫോറം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. 2014 മുതൽ 2022 വരെ ഒൻപതു വർഷങ്ങളിലായി ഒന്നരലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. മോദി സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും പാടെ തകർത്തിരിക്കുകയാണ്. കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവിലയും തൊഴിലാളികൾക്ക് മിനിമം കൂലിയും ഉറപ്പുവരുത്തിയിട്ടില്ല. കേന്ദ്ര സർക്കാർ നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ കാർഷികമേഖലയിലുള്ള പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നു. കാർഷികോത്പന്നങ്ങൾക്ക് ന്യായവില തീരുമാനിച്ച് കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ തയ്യാറാകാതെ കൃഷിയെ ലാഭകരമല്ലാത്ത തൊഴിലായി മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. തൊഴിലാളിവർഗം നിരന്തരമായ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കള്ളം പറയാത്ത കണക്കുകൾ രാജ്യത്തെ കാർഷിക മേഖല മുമ്പൊരിക്കലുമില്ലാത്ത രീതിയിൽ വൻ തകർച്ച നേരിടുകയാണ്. 70 ശതമാനം ജനങ്ങൾ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന രാജ്യത്ത് കാർഷിക മേഖല തകർന്നാൽ രാജ്യം തളരുമെന്ന യാഥാർത്ഥ്യം ആർക്കും നിഷേധിക്കാൻ കഴിയുന്നതല്ല. 80 ലക്ഷത്തിൽപ്പരം കർഷകർ ഈ അടുത്ത കാലത്തായി കാർഷിക മേഖല ഉപേക്ഷിച്ചു പോയതായി റിപ്പോർട്ടുകൾ പറയുന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷ്യധാന്യ ഉത്പാദനത്തിൽ ഇന്ത്യ ഏറെ പിന്നാക്കം പോകുകയാണ്. ലോകത്തെ 88 വികസ്വര രാജ്യങ്ങളിൽ ഏറ്റവും കൊടിയ പട്ടിണിയുള്ള രാജ്യങ്ങളിൽ ഇന്ത്യയെ 66-ാം സ്ഥാനത്ത് നിറുത്തിയിരിക്കുകയാണ്, ആഗോള പട്ടിണി സൂചകവും അന്തർദേശീയ ഭക്ഷ്യനയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും. ദരിദ്രജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനുള്ള ചുമതലയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഗവൺമെന്റ് പറയുന്ന ന്യായം, പണമില്ലെന്നതാണ്. എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യം നൽകാൻ പ്രതിവർഷം 40,000 കോടി രൂപ ചെലവാക്കാൻ തയ്യാറാകാത്ത സർക്കാർ കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ കോർപ്പറേറ്റുകൾക്ക് നികുതിയിളവായും പ്രത്യേക ആനുകൂല്യങ്ങളായും നൽകിയത് 24 ലക്ഷം കോടി രൂപ! വൻകിട കമ്പനികളിൽ നിന്ന് പിരിച്ചെടുക്കാത്ത നികുതി ഇതിലും കൂടുതലാണ്. നാലു ശതമാനം പലിശയ്ക്ക് കാർഷിക വായ്പ നൽകണമെന്ന ദേശീയ കാർഷിക കമ്മിഷന്റെ നിർദ്ദേശത്തിന് വലിയ വിലയൊന്നും കല്പിച്ചുകിട്ടാറില്ല. ബാങ്കുകളിൽ നിന്ന് വായ്പ കിട്ടാത്ത കർഷകർക്ക് പലിശക്കൊള്ളക്കാരായ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വ്യക്തികളെയും ആശ്രയിക്കേണ്ടിവരുന്നു. അവരുടെ പലിശ നിരക്കാണെങ്കിലോ- 60 ശതമാനം മുതൽ 150 ശതമാനം വരെ! രാസവളത്തിന്റെ വിലനിയന്ത്രണം നീക്കിയ സർക്കാർ വളം സബ്സിഡി അടിക്കടി വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞയാഴ്ച വളം സബ്സിഡിയിൽ വീണ്ടും 28 ശതമാനം കുറവു വരുത്തി. ഉത്പാദനച്ചെലവിലെ വർദ്ധനയും ഉത്പന്നങ്ങളുടെ വിലത്തകർച്ചയും മൂലം കൃഷി നഷ്ടമായപ്പോൾ, ധനിക കർഷകരിൽ 60 ശതമാനവും കൃഷിയിൽ നിന്ന് പിന്മാറി.
കൈവിടുന്ന കൃഷിഭൂമി കൃഷിഭൂമി കൈവശമുള്ളവരിൽ വലിയൊരു വിഭാഗം ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നവരല്ല. മറ്റു തൊഴിലുകളുള്ള ഇവർ നേരിട്ട് ഭൂമിയിൽ കൃഷി ചെയ്യുന്നില്ല. കൃഷി പ്രധാന വരുമാനമാർഗമല്ലാത്തതിനാൽ അതിനായി മുതൽ മുടക്കാറുമില്ല. തന്മൂലം ഉത്പാദനം നടക്കാത്ത കൃഷിഭൂമിയുടെ വ്യാപ്തി വൻതോതിൽ വർദ്ധിച്ചു. കൃഷി ചെയ്യാത്ത ഭൂമി കേരളത്തിൽ 1991-ൽ ആറു ശതമാനം ആയിരുന്നെങ്കിൽ പിന്നീടത് 38.6 ശതമാനമായി ഉയർന്നു. സാമ്പത്തിക പ്രയാസങ്ങൾ കാരണം ദരിദ്ര, ചെറുകിട, ഇടത്തരം ഭൂഉടമകൾ കൃഷിഭൂമി വൻതോതിൽ കൈമാറ്റം ചെയ്യുകയാണ്. സ്വകാര്യ കെട്ടിട നിർമ്മാതാക്കളും റിയൽ എസ്റ്റേറ്റുകാരും വൻകിട കോർപ്പറേറ്റുകളും രാജ്യത്തെങ്ങും കർഷകരിൽ നിന്ന് ഭൂമി വാങ്ങിക്കൂട്ടുകയാണ്. ഒരുതരം പിടിച്ചെടുക്കലാണ് നടക്കുന്നത്. യു.പി.എ സർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കലും പുനരധിവാസവും പുനഃസ്ഥാപനവും സംബന്ധിച്ച ബില്ലും കർഷകജനതയുടെ താത്പര്യങ്ങൾ പൂർണമായി സംരക്ഷിക്കുന്നതല്ല. രാജ്യരക്ഷയ്ക്ക് യഥേഷ്ടം പണം ചെലവാക്കുമ്പോൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കാർഷിക മേഖലയ്ക്ക് വേണ്ടത്ര പണം വകയിരുത്താൻ സർക്കാരിനു വൈമുഖ്യം! ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ കമ്പോളമാക്കി ഇന്ത്യയെ മാറ്റാൻ കാണിക്കുന്ന ആവേശത്തിന്റെ ചെറിയൊരംശം പോലും പ്രതിസന്ധിജടിലമായ കാർഷിക മേഖലയെയും ഹതാശയരായ കർഷകരെയും രക്ഷിക്കാൻ കാണിക്കുന്നില്ല. കാർഷിക മേഖലയെ ശവപ്പറമ്പാക്കുന്ന ഈ നയങ്ങൾ വലിയ കെടുതികളിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്. കൃഷിയെ തഴഞ്ഞ് ജനങ്ങളുടെ പട്ടിണി മാറ്റാൻ ഒരു സർക്കാരിനും കഴിയില്ലെന്ന തിരിച്ചറിവ് ഇനിയെന്നാണ് ഉണ്ടാവുക?