നായ്പ്പണി, വീട്ടുപ്രസവം: പ്രാകൃതമാകുന്ന സമൂഹം

Friday 11 April 2025 4:40 AM IST

കേരളത്തെ ഒരു നൂറ്റാണ്ട് പിന്നോട്ടടിക്കുന്ന രണ്ട് സംഭവങ്ങളാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്. ടാർജറ്റ് തികയ്ക്കാത്ത ജീവനക്കാരെ ഒരു സ്വകാര്യ ഏജൻസി നായകൾക്ക് തുല്യമായ നിലയിൽ പീഡിപ്പിച്ചുവെന്നതാണ് ഒരു വാർത്ത. അഞ്ചാം പ്രസവം വീട്ടിൽ വച്ച് നടത്തിയ വീട്ടമ്മ രക്തം വാർന്ന് മരിച്ചതാണ് മറ്റൊന്ന്. രണ്ടു സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. വസ്തുതകൾ പൂർണമായി പുറത്തുവരാനുണ്ട്. എങ്കിലും ഇതൊന്നും പരിഷ്കൃത സമൂഹത്തിന് ചേർന്ന കാര്യങ്ങളല്ലെന്ന് വ്യക്തം.

ന്ത്യയിലെ പരിഷ്കൃതവും പ്രബുദ്ധവുമായ ജനതയുടെ മുൻനിരയിൽ മലയാളികളുണ്ട്. സമൂഹത്തിലെ അനാചാരങ്ങൾക്കും വിവേചനങ്ങൾക്കുമെതിരേ വലിയ പോരാട്ടങ്ങൾ തന്നെ നടത്തിട്ടുള്ള നാടാണ് കേരളം. എന്നാൽ അടിമത്വത്തിന്റേയും അന്ധവിശ്വാസത്തിന്റേയും അവശിഷ്ടങ്ങൾ ഇനിയും നീങ്ങിയിട്ടില്ലെന്നാണ് ചില ഒറ്റപ്പെട്ട സംഭവങ്ങൾ തെളിയിക്കുന്നത്. നരബലി മുതൽ സാത്താൻ സേവ വരെയുള്ള കുറ്റകൃത്യങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തത് 21-ാം നൂറ്റാണ്ടിലാണ്.

കൊച്ചിയിലെ ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിൽ ജീവനക്കാരെ നായ്ക്കൾക്ക് സമാനമായി പീഡിപ്പിക്കാറുണ്ടെന്ന വിവരം ഇതിൽ ഒടുവിലത്തേതാണ്. ആശുപത്രികളെ ആശ്രയിക്കാതെ വീട്ടിൽ തന്നെ പ്രസവിച്ച പെരുമ്പാവൂർ സ്വദേശിയായ യുവതി മരിച്ച സംഭവവും ഇതോട് ചേർത്തുവായിക്കാവുന്നതാണ്. നായ്പ്പണിയിൽ സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. വീട്ടുപ്രസവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. എന്നിരുന്നാലും കേട്ടിടത്തോളം രണ്ട് വിഷയങ്ങളും പ്രാകൃതമാണ്. തീയില്ലാതെ പുകയുണ്ടാവില്ലെന്നാണ് തത്വം.

നായ്പ്പണിയെന്ന 'ആചാരം"

പെരുമ്പാവൂരിലെ കെൽട്രോ ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിനെതിരേയാണ് നായ്പ്പണി ആരോപണം ഉയർന്നത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചു. ടാർജറ്റ് തികയ്‌ക്കാത്ത ജീവനക്കാരെ സൂപ്പർവൈസർമാർ കഴുത്തിൽ ബെൽറ്റിട്ട് നായ്‌ക്കളെപ്പോലെ നടത്തിക്കുന്നതും നിലത്തിട്ട നാണയം നക്കിയെടുപ്പിക്കുന്നതും മറ്റുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ പിന്നാമ്പുറങ്ങൾ തിരഞ്ഞപ്പോൾ പലതും 'ചീഞ്ഞുനാറുന്ന"തായി സംശയം ഉയർന്നു. മാസങ്ങൾക്ക് മുമ്പ് റെക്കാഡ് ചെയ്ത ദൃശ്യങ്ങളാണെന്നും കമ്പനിയിലെ മാനേജരായിരുന്ന മനാഫ് എന്നയാളാണ് ഇപ്പോൾ ഇത് പുറത്തുവിട്ടതെന്നും വ്യക്തമായി. സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതിന്റെ വിരോധം തീർക്കാൻ മനാഫ് നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് മാനേജ്മെന്റ് ആരോപിച്ചു.

അതേസമയം, കഴുത്തി​ൽ ബെൽറ്റി​ട്ട് മുട്ടി​ലി​ഴഞ്ഞ രണ്ടു യുവാക്കൾ ഇക്കാര്യത്തി​ൽ തങ്ങൾക്ക് പരാതി​യി​ല്ലെന്ന് തൊഴി​ൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി​ നൽകി​. ട്രെയി​നിംഗി​നായി​ ടീം മീറ്റിംഗ് വി​ളി​ച്ചുകൂട്ടി​ പതി​വായി​ ചെയ്യുന്ന കാര്യങ്ങളാണിവ. നാലുമാസം മുമ്പെടുത്ത വീഡി​യോ പ്രചരി​പ്പി​ച്ചതി​ലൂടെ വലി​യ മാനഹാനി​യുണ്ടായി​. എം.ഡി​യും മനാഫും തമ്മി​ലുള്ള തർക്കത്തിൽ ഇരകളായെന്നാണ്

ജെറി​ൻ, ഹാഷിം എന്നി​വർ പറഞ്ഞത്. ഇൻസെന്റീവുൾപ്പെടെ മാസം ശരാശരി​ 18,000 രൂപ ശമ്പളം ലഭി​ക്കുന്നുണ്ടെന്നും ഇവർ മൊഴി​ നൽകി​.

ഒരു വനിതാ ജീവനക്കാരിയും പരാതി നൽകിയതോടെ മനാഫിനെതിരേ പല കേസുകളായി. മനാഫ് തന്നേയും മുട്ടിൽ ഇഴയിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരി പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഒളിവിൽ പോകും മുമ്പ് മനാഫ് നൽകിയ വിശദീകരണം വ്യത്യസ്തമാണ്. ടാർജറ്റ് തികയാത്തതിന്റെ പേരിൽ താനടക്കമുള്ള ജീവനക്കാർ അനുഭവിച്ച പീഡനം പുറത്തുകൊണ്ടുവരികയാണ് ചെയ്തത്. മുമ്പ് തന്നെ നായക്കളേപ്പോലെ നടത്തിച്ചതിന്റെ വീഡിയോ കൈവശമുണ്ടെന്നും ഇയാൾ പറഞ്ഞു. അപ്പോൾ ഇത്തരം സ്ഥാപനങ്ങളിൽ റാഗിംഗിന് സമാനമായ കേസിൽ അന്വേഷണം തുടരുകയാണ്.

വീട്ടുപ്രസവങ്ങൾ

ഒറ്റപ്പെട്ടതല്ല

വയറ്റാട്ടിയെ വച്ച് പ്രസവമെടുക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിൽ അവസാനിച്ച കാര്യമാണെന്ന് കരുതിയെങ്കിൽ തെറ്റി! കേരളത്തിൽ ഇപ്പോഴും പ്രതിവർഷം ശരാശരി 400 പ്രസവങ്ങൾ വീടുകളിൽ നടക്കുന്നുണ്ടെന്നാണ് കണക്ക്. അതിഥി തൊഴിലാളികൾക്കിടയിലും ആദിവാസികളിലുമാണ് കൂടുതൽ. ഈ വിവരം വെളിപ്പെടുത്തിയത് ആരോഗ്യമന്ത്രി വീണ ജോർജ് തന്നെയാണ്. മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവത്തേതുടർന്ന് മരിച്ച അസ്മയുടെ അഞ്ചു പ്രസവങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം മാത്രമാണ് ആശുപത്രിയിൽ നടന്നിട്ടുള്ളത്. പ്രസവത്തിന് മുമ്പ് ഇവരെ ബോധവത്ക്കരിക്കാൻ ആശ പ്രവർത്തക എത്തിയെങ്കിലും കാണാൻ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്. അസ്മ രക്തം വാർന്ന് മരിച്ചതിൽ തെല്ലും വിഷമമില്ലാത്ത പോലെയാണ് മതപ്രഭാഷകനായ ഭർത്താവ് സിറാജുദ്ദീൻ ഇതിൽ പെരുമാറിയത്. അസ്മയുടെ മൃതദേഹം കയറ്റിയ വാഹനത്തിൽ, തെല്ലു മുലപ്പാൽ പോലും ഉള്ളിലെത്താത്ത നവജാതശിശുവിനേയും കൊണ്ട് ഇയാൾ ജില്ലാ അതിർത്തികൾ താണ്ടി പെരുമ്പാവൂരിലെത്തുകയായിരുന്നു. മൃതദേഹം അസ്മയുടെ ബന്ധുക്കളെ കാണിച്ചശേഷം അധികമാരും അറിയാതെ കബറടക്കാനാണ് ശ്രമിച്ചത്. ഇതിനിടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വിഷയം പുറത്തറിഞ്ഞത്. നരഹത്യാ കുറ്റം ചുമത്തി സിറാജുദ്ദീനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തൊഴിൽ എന്ന സ്വപ്നവുമായി നടക്കുന്ന യുവാക്കളെ മോഹന വാഗ്ദാനങ്ങൾ നൽകി കുടുക്കിയിടുന്ന ഏജൻസികൾ ധാരാളമുണ്ട്. സർട്ടിഫിക്കറ്റുകൾ വാങ്ങിവച്ചും ബോണ്ടുകൾ വച്ചും അവർക്ക് രക്ഷപ്പെടാനാകാത്ത സാഹചര്യമൊരുക്കുന്നു. ക്യാമ്പുകളിൽ കൊടിയ പീ‌ഡനങ്ങളും നടക്കുന്നുണ്ടെന്നാണ് നായ്‌പ്പണി വിഷയത്തിൽ വ്യക്തമാകുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകളുമായി തൊഴിൽവകുപ്പ് ഉണർന്നിട്ടുണ്ട്.

വീട്ടുപ്രസവത്തിന്റെ കാര്യത്തിൽ അസ്മയുടെ രക്തസാക്ഷിത്വം കണ്ണു തുറപ്പിക്കുന്നതായി. ഇത്തരം പ്രവണതയുടെ കാര്യകാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. വീട്ടുപ്രസവങ്ങൾ തടയാൻ നിയമനിർമ്മാണം വേണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ വേദിയായ ഐ.എം.എ അടക്കം രംഗത്തുണ്ട്. വീട്ടുപ്രസവങ്ങൾ നിയന്ത്രിക്കുവാൻ കർശന മാനദണ്ഡം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ഡോ. കെ. പ്രതിഭ ഫയൽ ചെയ്ത ഹർജി ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. പ്രാകൃതമായ ഇത്തരം പ്രവണതകൾക്ക് മാറ്റമുണ്ടാക്കാൻ ഇനി വൈകരുത്.