പെമ്പിളൈ ഒരുമൈ തോളേറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ
ആലപ്പുഴ : മൂന്നാറിലെ തോട്ടം തൊഴിലാളികൾ നയിച്ച പെമ്പിളൈ ഒരുമൈ സമരം വിജയിച്ചപ്പോൾ തൊഴിലാളികൾ തോളിലേന്തിയത് സമര നേതാക്കളെയോ രാഷ്ട്രീയക്കാരെയോ ആയിരുന്നില്ല. മറിച്ച് സമരത്തെ ചർച്ചകളിലൂടെ രമ്യതയിലാക്കിയ അന്നത്തെ മൂന്നാർ ഡിവൈ.എസ്.പി കെ.ബി.പ്രഫുലചന്ദ്രനെയായിരുന്നു.
ഇന്നലെ അന്തരിച്ച പ്രഫുലചന്ദ്രന്റെ പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിലെ നേതൃപാടവം അന്ന് കേരളീയ പൊതുസമൂഹം ആദരവോടെയാണ് നോക്കി കണ്ടത്. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ പ്രഫുലചന്ദ്രൻ എന്നും മുൻപന്തിയിലായിരുന്നെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ജോലി ചെയ്ത എല്ലാ സ്റ്റേഷൻ പരിധികളിലും വിശാലമായ സൗഹൃദവലയം അദ്ദേഹം സൃഷ്ടിച്ചിരുന്നു. ആലുവ സി.ഐയായും ഡിവൈ.എസ്.പിയായും ജോലി നോക്കിയ പ്രഫുല്ലചന്ദ്രൻ നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കോളിളക്കം സൃഷ്ടിച്ച പല കേസുകൾക്കും തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥൻ. തൊഴിൽ മേഖലയിൽ എന്നും ആത്മാർത്ഥതയുടെ നേർക്കാഴ്ച്ച സമ്മാനിച്ച സമർത്ഥനായ പൊലീസ് ഓഫീസർ.. സഹപ്രവർത്തകർ അദ്ദേഹത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. സൗഹൃദ നിമിഷളിലെ പ്രഫുലചന്ദ്രനിലെ ഗായകനെയും ഒപ്പമുള്ളവർ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
പൊലീസ് കുടുംബം
റിട്ട സബ് ഇൻസ്പെക്ർ മാവേലിക്കര ചെറുകോൽ വരോട്ടിൽ വീട്ടിൽ കെ.ഭാസ്ക്കരൻനായരുടെ ഏഴ് മക്കളിൽ രണ്ട് ആൺമക്കളാണ് പൊലീസ് ഉദ്യോഗസ്ഥരായത്. രവീന്ദ്രപ്രസാദും, പ്രഫുലചന്ദ്രനും. ഒരുകാലത്ത് മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനുമായി സഹോദരന്മാർക്ക് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. രവീന്ദ്രപ്രസാദ് തിരുവല്ല സ്റ്റേഷനിൽ സി.ഐ ആയിരിക്കേ, പ്രഫുലചന്ദ്രനായിരുന്നു സബ് ഇൻസ്പെക്ടർ. 2011ൽ ആലപ്പുഴ ഡിവൈ.എസ്.പി ആയിരിക്കേ മോക്ക് ഡ്രില്ലിനിടയ്ക്ക് ഫയർ ഫോഴ്സ് വാഹനത്തിൽ കുടുങ്ങിയായിരുന്നു രവീന്ദ്രപ്രസാദിന്റെ മരണം.