ഹൈബ്രിഡ് കഞ്ചാവ് : പ്രതിക്ക് സ്വർണ്ണക്കടത്തുമുണ്ടെന്ന് അന്വേഷണ സംഘം
ആലപ്പുഴ : രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മൂന്നാം പ്രതി ചെന്നൈ എന്നൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലിക്ക് (43) അന്താരാഷ്ട്ര സ്വർണ്ണക്കടത്തുമുണ്ടെന്ന് അന്വേഷണ സംഘം. വിദേശത്ത് നിന്നടക്കം കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണവും ഇലക്ട്രോണിക് ഉപകരണങ്ങളും ചെന്നൈയിലെത്തിച്ചാണ് വിൽക്കുന്നത്.
സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതി പോയിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തി. യാത്രകളെ കുറിച്ച് കൂടുതൽ അന്വേഷിക്കും. അന്താരാഷ്ട്ര ബന്ധം സംബന്ധിച്ച് തെളിവ് ലഭിച്ചാൽ കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറും. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇയാളുടെ ഭാര്യ തസ്ലിമ സുൽത്താനയും (ക്രിസ്റ്റീന 43), മണ്ണഞ്ചേരി സ്വദേശി ഫിറോസും (26) പിടിയിലാകുമ്പോൾ, മൂന്നാം പ്രതി ആലപ്പുഴയിൽ തന്നെയുണ്ടായിരുന്നു. തിരുവട്ടിയൂർ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് ഓർഡർ വാങ്ങിയാണ് ഇന്നലെ പ്രതിയെ ആലപ്പുഴയിലെത്തിച്ചത്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ വിനോദ്കുമാർ, അസി.കമ്മീഷണർ അശോക് കുമാർ, സ്ക്വാഡ് സി.ഐ മഹേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വഴികാട്ടിയായത് ഊര് മൂപ്പൻ
കൊടുംകുറ്റവാളികൾ താമസിക്കുന്ന സ്ഥലത്തായിരുന്നു സുൽത്താൻ അക്ബർ അലിയുടെ വാടക വീട്. വളരെയേറെ ബുദ്ധിമുട്ടിയാണ് പ്രതിയിലേക്ക് എത്തിച്ചേരാൻ സാധിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആയിരം വീടിന് ഒരു മൂപ്പൻ എന്നതാണ് പ്രദേശത്തെ സംവിധാനം. പ്രതി താമസിച്ചിരുന്ന പ്രദേശത്തിന്റെ മൂപ്പനായ 'മതി'യുടെ സഹായത്തോടെയാണ് അന്വേഷണ സംഘം പ്രതിയുടെ ഒളിത്താവളത്തിലെത്തിയത്.
സിനിമാതാരങ്ങൾക്ക് നോട്ടീസ് അയക്കും
മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയും, മൂവരുടെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്ത ശേഷം ആവശ്യമെങ്കിൽ പ്രതികളുമായി ഇടപാടുണ്ടെന്ന് ആരോപണ വിധേയരായ സിനിമാതാരങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയക്കും. വ്യക്തമായ തെളിവ് ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങുമെന്ന് ഡെപ്യുട്ടി കമ്മീഷണർ വിനോദ്കുമാർ പറഞ്ഞു.