വിഷുവിന് ദിവസങ്ങൾ, സജീവമായി വിപണി
ആലപ്പുഴ: വിഷുവിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നാടാകെ വഴിയോരങ്ങളിൽ കൃഷ്ണ വിഗ്രഹങ്ങളുടെ വിൽപ്പന ഉഷാറായി. പ്ലാസ്റ്റർ ഓഫ് പാരിസിലും, വൈറ്റ് സിമന്റിലും തീർത്തവയാണ് കൂടുതലും. എങ്ങും കണിക്കൊന്ന പൂവണിഞ്ഞു നിൽക്കുകയാണ്. തുണിയിൽ തയ്ച്ച റെഡിമേയ്ഡ് കൊന്നപ്പൂക്കളും വിപണിയിലുണ്ട്. കണി വിഭവങ്ങളും കച്ചവട കേന്ദ്രങ്ങളിലെത്തിക്കഴിഞ്ഞു. നാടൻ ചക്കയും മാങ്ങയുമാണ് പ്രധാനികൾ. കൃഷിത്തോട്ടങ്ങളിൽ കണി വെള്ളരിയുടെ വിളവെടുപ്പും ആരംഭിച്ചു. സീസൺ കച്ചവടത്തിനായി പടക്ക കടകളും സ്റ്റോക്കെത്തിച്ചിട്ടുണ്ട്. തുണിക്കടകളിൽ കേരളീയ വസ്ത്രങ്ങൾക്കും കൊന്നപ്പൂക്കളുടെ പടമുള്ള വസ്ത്രങ്ങൾക്കും ഡിമാൻഡ് കൂടിയിട്ടുണ്ട്. ഇന്ന് മുതൽ വിപണി കൂടുതൽ സജീവമാകും.
വഴിയോരങ്ങളിലെ അന്യസംസ്ഥാനക്കാരുടെ കൃഷ്ണ വിഗ്രഹങ്ങൾക്ക് വലുപ്പമനുസരിച്ച് 150 മുതൽ 500 രൂപ വരെയാണ് വില. പ്രീമിയം കടകളിലെത്തുമ്പോൾ വില വീണ്ടും കുതിക്കും. 300 മുതൽ മൂവായിരം രൂപ വരെയുള്ള കൃഷ്ണ വിഗ്രഹങ്ങളുണ്ട്. ഓട്ടുരുളിക്കും സീസണിൽ ഡിമാൻഡ് കൂടുതലാണ്. പടക്ക വിപണിയിൽ എത്തിയിരിക്കുന്നവയിൽ കൂടുതലും ചൈനീസ് പടക്കങ്ങളാണ്. ഇവ വിവിധ വിലയിലെ കിറ്റുകളായി ലഭിക്കും. റെഡിമേയ്ഡ് കൊന്നപ്പൂക്കൾ 50 രൂപ മുതൽ ലഭ്യമാണ്.