നഷ്ടപരിഹാരം പൂർണമായും കിട്ടാതെ താറാവ് കർഷകർ
ആലപ്പുഴ : പക്ഷിപ്പനി തടയാൻ കള്ളിംഗിന് വിധേയമാക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം വിഷു, ഈസ്റ്റർ കാലത്തും പൂർണ്ണമായി ലഭിക്കാത്തതിനെത്തുടർന്ന് താറാവ് കർഷകർ ദുരിതത്തിൽ. 2024ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിലായി കോഴിയും താറാവും കാടയും ഉൾപ്പെടെ ജില്ലയിൽ 3,52,851പക്ഷികളെയാണ് കൊന്നൊടുക്കിയത്.
രോഗം ബാധിച്ച് 1,23,640 പക്ഷികൾ ചത്തു. 780 കർഷകർക്ക് 2.95 കോടി രൂപയാണ് ആകെ നഷ്ടപരിഹാരം നൽകേണ്ടത്. ഇതിൽ 88ശതമാനം തുകയായ 2.65രൂപ വിതരണം ചെയ്തു. ശേഷിച്ച 12ശതമാനം തുകയായ 30ലക്ഷം രൂപ സർക്കാർ നൽകിയിട്ടില്ല. നശിപ്പിച്ച മുട്ടയുടെ വിലയും നൽകിയിട്ടില്ല. മുട്ടയുടെ വില തിട്ടപ്പെടുത്തിവരുന്നതേയുള്ളു. കഴിഞ്ഞ ഫെബ്രുവരിയിൽ നഷ്ടപരിഹാരത്തുകയിൽ 12ശതമാനം കുറച്ചായിരുന്നു വിതരണം നടത്തിയത്.
ഈ തുക രണ്ടുമാസത്തിനുള്ളിൽ നൽകാമെന്ന് പറഞ്ഞെങ്കിലും പാലിച്ചിട്ടില്ല. പക്ഷിവളർത്തലിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഈ വർഷത്തെ ഈസ്റ്റർ കച്ചവടത്തെയും ബാധിച്ചു. ബാങ്ക് വായ്പ എടുത്ത കർഷകർ ജപ്തി ഭീഷണിയിലാണ്.
2014ൽ നിശ്ചയിച്ച നഷ്ടപരിഹാരത്തുകയാണ് ഇപ്പോഴും വിത്ണം ചെയ്യുന്നത് .60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം. വളർത്തുന്നതിനാവശ്യമായ തീറ്റയ്ക്കും വാക്സിനും വില കൂടിയതിനാൽ നഷ്ടപരിഹാരത്തുക വർർദ്ധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. 2014ൽ ഒരുദിവസം പ്രായമായ താറാവ് കുഞ്ഞുങ്ങൾക്ക് അഞ്ചുരൂപയിൽ താഴെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 40രൂപക്ക് മുകളിലാണ്. അന്ന് 50കിലോയുടെ ഒരു ചാക്ക് തീറ്റയുടെ വില 1000രൂപയായിരുന്നു. ഇന്നത് 2450രൂപയിൽ എത്തി. 60 ദിവസം പ്രായമായ പൊതുമാർക്കറ്റിൽ താറാവിന് 500 ഉം അതിന് മുകളിലുള്ളവയ്ക്ക് 750ഉം രൂപയുമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഫണ്ടില്ല, എന്നുകിട്ടുമെന്ന് ഉറപ്പില്ല
നഷ്ടപരിഹാരത്തിന്റെ 50 ശതമാനം വീതം സംസ്ഥാനവും കേന്ദ്രവുമാണ് വഹിക്കേണ്ടത്
കേന്ദ്രസർക്കാരിന്റെ വിഹിതം പൂർണ്ണമായി ലഭിച്ചു കഴിഞ്ഞു
സംസ്ഥാന വിഹിതത്തിനുള്ള ഫണ്ട് പൂർണ്ണമായി അനുവദിച്ചിട്ടില്ല
കോഴി, താറാവ്, മുട്ട എന്നിവയ്ക്ക് മാത്രമാണ് നിലവിൽ നഷ്ടപരിഹാരം നൽകുന്നത്
സാമ്പത്തിക പ്രതിസന്ധി കാരണം കാട, ടർക്കി, ഗിനി, വാത്ത, പ്രാവ് തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരമില്ല
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് നടപ്പാക്കണം. കേന്ദ്രവിഹിതം 3കോടി കിട്ടിയിട്ടും സംസ്ഥാനസർക്കാർ വിഹിതംചേർത്ത് നഷ്ടപരിഹാരം പൂർണ്ണമായി നൽകാൻ തയ്യാറാകാത്തത് കർഷകരോടുള്ള വെല്ലുവിളിയാണ്
- അഡ്വ. ബി.രാജശേഖരൻ, പ്രസിഡന്റ്, ഐക്യതാറാവ് കർഷകസംഘം
കള്ളിംഗ് നടത്തിയത്
താറാവ്: 1,69,504
കോഴി: 99,147
കാട: 2,07,840
നഷ്ടപരിഹാരം ലഭിക്കേണ്ടത്
കൊന്ന പക്ഷികൾക്ക് : ₹2.5കോടി
രോഗം ബാധിച്ച് ചത്ത പക്ഷികൾക്ക് : ₹45,84,000
വിതരണം ചെയ്ത്: ₹2.65കോടി
വിതരണം ചെയ്യാനുള്ളത്: ₹30ലക്ഷംരൂപ