ഗെറ്റപ്പിൽ ഞെട്ടിച്ച് ജയറാം, തമിഴ് ചിത്രം റെട്രോയിൽ സൂര്യയുടെ വലംകൈ

Friday 11 April 2025 6:59 AM IST

തമിഴ് ചിത്രം റെട്രോയിൽ സൂര്യയുടെ വലംകൈ

സൂര്യയോടൊപ്പം റെട്രോ സിനിമയിൽ ഗെറ്റപ്പിൽ ഞെട്ടിക്കാൻ വരികയാണ് ജയറാം. വേറിട്ട ഗെറ്റപ്പിൽ മുറിമീശയുമായാണ് ജയറാം . റെട്രോയിൽ സൂര്യയുടെ വലംകൈയാണ് ജയറാം കഥാപാത്രം. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിൽ കാർത്തിയോടൊപ്പം ജയറാം തകർത്തഭിനയിച്ചിരുന്നു.. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ മേയ് 1ന് റിലീസ് ചെയ്യും. മലയാളത്തിൽനിന്ന് ജോജു ജോർജും താരനിരയിലുണ്ട്. 1993 ൽ ഗോകുലം എന്ന ചിത്രത്തിലൂടെയാണ് ജയറാം തമിഴിൽ എത്തുന്നത്. തെനാലി, പഞ്ചതന്ത്രം, സരോജ, തുപ്പാക്കി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വിജയ് നായകനായ ഗോട്ട് ആണ് തമിഴിൽ അവസാനം റിലീസ് ചെയ്ത ചിത്രം . തെലുങ്കിൽ ഗെയിം ഗേഞ്ചർ ആണ് അവസാന ചിത്രം. മലയാളത്തിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത അബ്രഹാം ഒാസ്‌ലർ ആണ് ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. കിംഗ് ഒഫ് കൊത്തയ്ക്കുശേഷം അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമാണ് നായകൻ. ആക്ഷൻ ഫാമിലി എന്റർടെയ്നർ എന്നാണ് സൂചന. മലയാളത്തിൽ മറ്റൊരു ചിത്രവും ജയറാം കമ്മിറ്റ് ചെയ്തിട്ടുണ്ട്.