തുറക്കാതെ എയിഡ് പോസ്റ്റുകൾ ആര് ഒരുക്കും സുരക്ഷ ?
കണ്ണൂർ:നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങളിലെ പൊലീസ് എയിഡ് പോസ്റ്റുകളിൽ മിക്കതും പ്രവർത്തനരഹിതം. പ്രവർത്തിക്കുന്നവയിൽ തന്നെ പലതും പേരിന് മാത്രവും. തിരക്കേറിയ പഴയ ബസ് സ്റ്റാൻഡ് , റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ് എന്നിവിടങ്ങളിലെയെല്ലാം എയിഡ് പോസ്റ്റുകളുടെ സ്ഥിതി ഇത് തന്നെ.സുരക്ഷ ആവശ്യമുള്ള ഇടങ്ങളിലെല്ലാം ഉദ്യോഗസ്ഥരെ കാണാത്തതിന്റെ ആശങ്കയിലാണ് ജനം.
റെയിൽവേ സ്റ്റേഷനിലും പഴയ ബസ് സ്റ്റാൻഡിലുമായി സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിർമ്മിച്ച എയിഡ് പോസ്റ്റുകൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. മാർക്കറ്റിലെ എയിഡ് പോസ്റ്റിൽ വിരളമായാണ് ഉദ്യോഗസ്ഥ സാന്നിദ്ധ്യം. പയ്യാമ്പലം ബീച്ചിൽ പ്രവർത്തിക്കുന്ന എയിഡ് പോസ്റ്റിന്റെയും പലദിവസങ്ങളിലേയും സ്ഥിതി സമാനമാണ്. സമയക്രമം പാലിച്ചാണ് എയിഡ് പോസ്റ്റുകൾ പ്രവർത്തിക്കുന്നതും. രാത്രി ഏറെ വൈകിയും സഞ്ചാരികളും യാത്രക്കാരും എത്തുന്ന പയ്യാമ്പലം ബീച്ചിൽ പൊലീസ് രാത്രി പത്തു വരെ മാത്രമാണ് എയ്ഡ് പോസ്റ്റ്. അതിന് ശേഷം എത്തുന്നവരുടെ സുരക്ഷ അവനവൻ നോക്കണം. രാത്രിയിൽ പൊലീസിന്റെ നൈറ്റ് പട്രോളിംഗും മറ്റും നടക്കുന്നുണ്ടെങ്കിലും ഏത് സമയവും സമീപിക്കാൻ പറ്റുന്ന ഒരു സംവിധാനം വേണമെന്നാണ് ബീച്ചിലെത്തുന്നവരുടേയും ആവശ്യം. പകൽ ട്രാഫിക് പൊലീസോ കോസ്റ്റൽ പൊലീസോ ആണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
സാമൂഹ്യ വിരുദ്ധർക്ക് സ്വൈര്യ വിഹാരം... കുറച്ചു നാളുകളായി നഗരം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. ചെറുതും വലുതുമായ പലപ്രശ്നങ്ങളും ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്നിട്ടുമുണ്ട്. പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾ നേരത്തെ കേരള കൗമുദി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുമുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ കയറി അക്രമം ഉണ്ടാക്കിയതടക്കം ലഹരിമാഫിയയുടെ ഇടപെടലുകൾ നിരവധിയാണ് ഇവിടെ. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മയക്കു മരുന്ന് സംഘങ്ങളുൾപ്പടെ സജീവമാണ്. പയ്യാമ്പലം ബീച്ചിലും ലഹരിസംഘങ്ങളുടെ വിളയാട്ടമാണ് . ഇതൊക്കെ കണ്ണൂരിന്റെ രാത്രികാല വിനോദ സഞ്ചാരത്തെയും ബാധിക്കുമെന്നാണ് പയ്യാമ്പലം ബീച്ചിലെത്തിയ കോഴിക്കോടു സ്വദേശികളായ ദമ്പതികൾ പറയുന്നത്. റെയിൽ വേ സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച എയിഡ് പോസ്റ്റിൽ ആവശ്യം വന്നാൽ വിളിക്കാനുള്ള നമ്പറുകൾ മാത്രമാണുള്ളത്. രാത്രിയായാൽ മദ്യപിച്ചെത്തുന്നവരുൾപ്പടെ എയിഡ് പോസ്റ്റ് കൈയ്യേറി കിടന്നുറങ്ങുന്ന കാഴ്ചയും ഉണ്ടാകാറുണ്ടെന്നാണ് ഓട്ടോ തൊഴിലാളികളടക്കം പറയുന്നത്. എയിഡ് പോസ്റ്റുകൾ പ്രവർത്തിക്കാത്തതിന് കാരണം ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണെന്നാണ് എന്നാണ് പൊലീസുകാരുടെ വാദവും.
പഴയസ്റ്റാൻഡ് പരിസരത്ത് രാത്രിയായാൽ ഭീതിജനകമായ അവസ്ഥയാണ്. ആവശ്യത്തിന് വെളിച്ചമോ സൗകര്യങ്ങളോ ഒന്നും ഇല്ല. ഒരു പൊലീസ് എയിഡ് പോസ്റ്റുണ്ടെങ്കിൽ അതിന്റെയെങ്കിലും ധൈര്യത്തിൽ നിൽക്കാമായിരുന്നു. -കെ.സി സവിത (യാത്രക്കാരി)