കോൺഗ്രസിന്റെ വീഴ്ചയ്ക്ക് കാരണം നിലപാടില്ലായ്മ: വിജൂ കൃഷ്ണൻ

Friday 11 April 2025 1:36 AM IST

കണ്ണൂർ: ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടാകുമെന്ന ഭയം മാറ്റാതെ കോൺഗ്രസിന് എങ്ങനെ ഫാസിസത്തെ നേരിടാനാകുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ. കൃത്യമായ നിലപാടില്ലാത്തതാണ് കോൺഗ്രസിന്റെ വീഴ്ചയ്ക്ക് കാരണം. ബി.ജെ.പി സർക്കാരിന്റെ കർഷക ദ്രോഹനിയമത്തിനെതിരേ അഞ്ഞൂറോളം കർഷകസംഘടനകളുടെ കൂട്ടായ്മ നടത്തിയ സമരത്തിൽ പോലും കോൺഗ്രസ് വിട്ടുനിൽക്കുകയായിരുന്നു. ഈയൊരു സമീപനവുമായി എങ്ങനെയാണ് ഫാസിസത്തെ നേരിടുകയെന്നും വിജൂ കൃഷ്ണൻ കണ്ണൂർ പ്രസ് ക്ലബിൽ മീറ്റ് ദി പ്രസിൽ ചോദിച്ചു.. ഗോരക്ഷയുടെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട സ്ഥലമാണ് ഡൽഹിക്കടുത്തുള്ള മേവാത്ത്. കൊലപാതകങ്ങൾ നടന്നപ്പോൾ ഈ സ്ഥലം സന്ദർശിക്കാനോ ഈ വിഷയത്തിൽ പ്രതികരിക്കാനോ കോൺഗ്രസ് തയാറായില്ല. ചെറുതും വലുതുമായ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു കഴിഞ്ഞ പത്തുവർഷം. ശക്തമായ സമരങ്ങളിലൂടെ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും സർക്കാരുകളെക്കൊണ്ട് കർഷകവിരുദ്ധ നയങ്ങൾ തിരുത്തിക്കാൻ കഴിഞ്ഞു. ഒരു വർഷം നീണ്ട സമരത്തിലൂടെ ബി.ജെ.പി സർക്കാരിനും നരേന്ദ്രമോദിക്കും മുട്ടുമടക്കേണ്ടി വന്നു. മുമ്പെങ്ങുമില്ലാത്തവിധം കർഷകരും തൊഴിലാളികളും വിദ്യാർഥികളും യുവജനങ്ങളും ഒരേ വിഷയത്തിൽ ഒന്നിക്കുന്നു. വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഐക്യമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവെച്ചാണത്. അത്തരം ഐക്യപ്പെടലിന്റെ ഫലം ആത്യന്തികമായി ലഭിക്കുമെന്ന് ഉറപ്പാണെന്നും വിജൂ കൃഷ്ണൻ പറഞ്ഞു.

ആശാസമരത്തിന് പിന്നിൽ ബി.ജെ.പി

ആശാ വർക്കർമാരുടെ സമരത്തിനു പിന്നിൽ ബി.ജെ.പിയാണെന്ന് വിജൂ കൃഷ്ണൻ പറഞ്ഞു. സമരപ്പന്തലിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചതിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. എസ്.യു.സി.ഐയുമായി അടുപ്പമുള്ളവരാണ് സമരത്തിന്റെ മുന്നണിയിൽ. കേന്ദ്ര സർക്കാർ പദ്ധതിപ്രകാരമാണ് ആശാ വർക്കർമാരുടെ ജോലിയും കൂലിയും നിശ്ചയിക്കുന്നത്. അതുകൊണ്ട് ആശമാർ പ്രതിഷേധിക്കേണ്ടത് കേന്ദ്രസർക്കാരിനെതിരേ ഡൽഹിയിലാണ്.