പുതിയ സമരരീതികളുമായി മുന്നോട്ട്: ആശാ വർക്കർമാർ

Friday 11 April 2025 2:42 AM IST

തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശാ വർക്കർമാരുടെ സമരം അവസാനിക്കണമെങ്കിൽ അവർ തന്നെ വിചാരിക്കണമെന്ന മുഖ്യന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്. ആശമാരുടെ ജീവൽ പ്രധാനങ്ങളായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സംഘടന പുതിയ സമരരീതികൾ കൈക്കൊള്ളും. ഇതിനായി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയോഗം 13ന് ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ,ജനറൽ സെക്രട്ടറി എം.എ ബിന്ദു,എസ്.മിനി എന്നിവർ പറഞ്ഞു.ദിവസവേതനത്തിൽ 100 രൂപയെങ്കിലും വർദ്ധിപ്പിക്കുന്ന തരത്തിൽ 3000 രൂപ വർദ്ധന ഒത്തുതീർപ്പിനായി മുന്നോട്ടുവച്ചത് അസോസിയേഷനാണ്. സർക്കാരിന്റേത് കടുംപിടുത്തമാണ്. സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പൗരസാഗരത്തിൽ ആശാവർക്കർമാരുടെ കുടുംബങ്ങളും പങ്കെടുക്കും. സമരം രണ്ടുമാസം പിന്നിട്ടിട്ടും സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് സാംസ്‌കാരിക നേതാക്കൾ സമരത്തെ പിന്തുണച്ച് പൗരസാഗരം സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.സാമൂഹ്യപ്രവർത്തക ഇറോം ശർമ്മിള,ചലച്ചിത്ര താരങ്ങളായ ഹരീഷ് പേരടി,വിഷ്ണു ഗോവിന്ദ്,എഴുത്തുകാരായ ഐ.ഷണ്മുഖദാസ്,ഉണ്ണി.ആർ തുടങ്ങിയവർ സമരത്തെ പിന്തുണച്ച് രംഗത്തെത്തി. ചലച്ചിത്രതാരങ്ങളായ പാർവ്വതി തിരുവോത്ത്,റിമ കല്ലിംഗൽ തുടങ്ങിയവർ പൗരസാഗരത്തിന്റെ പോസ്റ്റർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് പിന്തുണ പ്രഖ്യാപിച്ചു.