വിഷുവിനെ വരവേൽക്കാൻ മനം നിറച്ച് ഉണ്ണിക്കണ്ണൻമാർ

Friday 11 April 2025 3:13 AM IST

വെഞ്ഞാറമൂട്: വിഷുവി​നെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വിഷുക്കണി വിഭവങ്ങളുമായി വി​പണി​കളും സജീവമാണ്​. റോഡരികിൽ നിറയെ കൃഷ്ണവിഗ്രഹങ്ങളും എത്തിയിട്ടുണ്ട്. വിഷു സ്പെഷ്യൽ വസ്ത്രങ്ങളും മറ്റും വിൽക്കുന്ന കടകളിൽ വലി​യ തി​രക്ക് ഇപ്പോൾത്തന്നെയുണ്ട്.നാടുനീളെ കൊന്ന പൂത്തെങ്കിലും വേനൽമഴയി​ൽ പൂക്കൾ കൊഴി​ഞ്ഞു. ആ കുറവ് തീർക്കാൻ പ്ളാസ്റ്റിക്ക് കൊന്നപ്പൂക്കളും വിപണിയിലുണ്ട്. പരിസ്ഥിതി സൗഹൃദമായ തുണിത്തരങ്ങൾ കൊണ്ട് ഒരുക്കിയിട്ടുള്ള കണിക്കൊന്നയും ഇന്ന് വിപണിയിൽ സജീവമാണ്. കടകളിലെല്ലാം കൃത്രിമ കണിക്കൊന്നപ്പൂക്കളുടെ വലിയ ശേഖരം തന്നെയുണ്ട്. ഇവ വിഷു കഴിഞ്ഞാലും അലങ്കാരമായി ഉപയോഗിക്കാം.ഒരു തണ്ട് കൊന്നപ്പൂവിന് 30 മുതൽ 60 വരെയാണ് വില.

നിറയെ കൃഷ്ണ വിഗ്രഹങ്ങൾ

പല വർണങ്ങളി​ലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൾ റോഡരികിൽ വി​ല്പനയ്ക്ക് നിരന്നിട്ടുണ്ട്

പ്ലാസ്റ്റ‌ർ ഒഫ് പാരീസിലും വൈറ്റ് സിമന്റിലും ചെളിയിലും നിർമ്മിച്ചവ

അന്യസംസ്ഥാന തൊഴിലാളികളാണ് വില്പനക്കാർ

വലിപ്പത്തിന് അനുസരിച്ച് വില

നീല,​സ്വർണ നിറത്തിലുള്ള വിഗ്രഹങ്ങൾക്ക് ആവശ്യക്കാരേറെ

വസ്ത്രങ്ങളി​ലും വൈവി​ദ്ധ്യം

വ്യത്യസ്തങ്ങളായ ഷർട്ടും മുണ്ടുമാണ് ഇപ്പോൾ വിഷു വിപണിയിലെ ട്രെൻഡ്. വിവിധ ഡിസൈനുകളിൽ പ്രിന്റ് ചെയ്ത ഷർട്ടിനും മുണ്ടിനും ആവശ്യക്കാർ കൂടി. കണിക്കൊന്ന, കഥകളി, തെയ്യം തുടങ്ങിയവ പ്രിന്റ് ചെയ്ത വസ്ത്രങ്ങളാണ് കൂടുതലായി​ വിൽക്കുന്നത്. ഷർട്ട്, മുണ്ട് എന്നിവയ്ക്കു പുറമേ ജുബ്ബകളും വിഷു സ്പെഷ്യലാണ്.