പോക്സോ കേസ് : പ്രതിക്ക് 43വർഷം കഠിന തടവ്
കാട്ടാക്കട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് 43വർഷം കഠിന തടവും 80,000രൂപ പിഴയും.തിരുവനന്തപുരം മുട്ടത്തറ പൂന്തുറപ്പള്ളി തെരുവിൽ ടി.സി 46/407(2)ജസീനാ മൻസിലിൽ കുയിൽ എന്ന സുഖൈൽഖാ (24)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 20മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2020ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഫോണിലൂടെ പരിചയപ്പെട്ട അതിജീവിതയെ വിളിച്ചു വരുത്തി നിർബന്ധിച്ച് ബൈക്കിൽ കയറ്റി ശ്രീകാര്യത്തിനടുത്തുള്ള ഒരു വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.ഇത്തരത്തിൽ 2020 ജൂലൈ 22നും പ്രതി ലൈംഗികാതിക്രമം ആവർത്തിച്ചു.അന്നുതന്നെ അതിജീവിതയുടെ വീട്ടുകാർ മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകി.അടുത്ത ദിവസം പ്രതി അതിജീവിതയെ തിരികെ കൊണ്ടാക്കി.തുടർന്ന് നേമം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.അന്നത്തെ നേമം എസ്.എച്ച്.ഒയായിരുന്ന രജീഷ് കുമാറാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. .പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.