മാനഭംഗക്കേസ്: 'സ്വയം വരുത്തിവച്ചത്' വീണ്ടും വിവാദ പ്രസ്താവനയുമായി അലഹബാദ് ഹൈക്കോടതി
അലഹബാദ്: മാറിടത്തിൽ സ്പർശിക്കുന്നത് മാനഭംഗശ്രമമാകില്ലെന്ന വിധിക്കുപിന്നാലെ വീണ്ടും വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി.
അക്രമത്തിനിരയായ യുവതിക്ക് പ്രശ്നത്തിൽ ഉത്തരവാദിത്വമുണ്ടെന്നും ക്ഷണിച്ചുവരുത്തിയതാണെന്നുമാണ് പരാമർശം. പ്രതിക്ക് ജാമ്യവും അനുവദിച്ചു. ജസ്റ്റിസ് സഞ്ജയ് സിംഗിന്റേതാണ് വിവാദ വിധി. കഴിഞ്ഞ വർഷം സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ യുവതി
ഡൽഹിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ഖാസിലുള്ള റെസ്റ്റോറന്റിൽ എത്തിയതാണ് യുവതി.
മദ്യപിച്ചതിനെ തുടർന്ന് യാത്ര ചെയ്യാനാവാതെ വന്നതോടെ പ്രതി നിശ്ചൽ സഹായിക്കാമെന്നും വീട്ടിൽ തങ്ങാമെന്നും വിശ്വസിപ്പിച്ച് കൂടെ കൂട്ടി. എന്നാൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനു പകരം ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം മാനഭംഗമായി കാണാനാവില്ലെന്നും ഇരുവരും ഉഭയസമ്മത പ്രകാരം നടന്നതാണെന്നും ന്യായീകരിച്ചാണ് പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഡിസംബർ 11 മുതൽ ജയിലിലാണെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പ്രതിക്ക് വേണ്ടി അഭിഭാഷകൻ വാദിച്ചു. മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും മാനഭംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ പരാമർശം വൻ വിവാദമായിരുന്നു. ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെതാണ് പരാമർശം.