വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം; 28കാരനായ എയർ ഇന്ത്യ പൈലറ്റ് മരിച്ചു

Friday 11 April 2025 12:05 AM IST

ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റായ അർമാനാണ് (28) മരിച്ചത്. ശ്രീനഗറിൽ നിന്നുള്ള വിമാനം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടു. കോക്ക്പിറ്റിൽ ഛർദ്ദിച്ചതായും റിപ്പോർട്ടുണ്ട്. താമസിയാതെ, എയർലൈനിന്റെ ഡിസ്പാച്ച് ഓഫീസിൽ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജീവനക്കാരന്റെ മരണത്തിൽ എയർ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. അടുത്തിടെയാണ് ഇദ്ദേഹം വിവാഹിതനായത്. സഹപ്രവർത്തകനെ നഷ്ടപ്പെട്ടതിൽ ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകും. ഈ സമയത്ത് സ്വകാര്യതയെ മാനിക്കാനും അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നെന്നും അറിയിച്ചു.