പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്, സമാധാനം ഇല്ലാതാക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണം

Friday 11 April 2025 12:06 AM IST

ശ്രീനഗർ: അതിർത്തി മേഖലയിലെ സമാധാനപ്രവർത്തനങ്ങളെക്കുറിച്ച് നടന്ന ചർച്ചയിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. ജമ്മു കാശ്മീർ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ നടന്ന ഇന്ത്യ- പാക് ബ്രിഗേഡ് കമാൻഡർ തലത്തിലുള്ള ഫ്ലാഗ് മീറ്റിലാണ് മുന്നറിയിപ്പ് നൽകിയത്. അതിർത്തി മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പാകിസ്ഥാൻ പിന്തിരിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ ഇത്തരം നടപടികൾ തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും ഇന്ത്യ അറിയിച്ചു. ഈ മാസം ഇരുപക്ഷവും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ചകൻ-ദ- ബാഗ് ക്രോസ്‌ പോയിന്റിൽ വച്ചാണ് യോഗം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 75 മിനിട്ടോളം യോഗം നീണ്ടു.

അതിർത്തിയിലെ പതിവ് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം നടത്തിയതെന്നും പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, വെടിനിറുത്തൽ ലംഘനങ്ങൾ, ഐ.ഇ.ഡി സ്‌ഫോടനങ്ങൾ എന്നീ വിഷയങ്ങൾ സൈനിക ഉദ്യോഗസ്ഥർ ഉന്നയിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.

അതിർത്തികളിൽ സമാധാനം നിലനിറുത്തേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും എടുത്തുപറഞ്ഞു.

കഴുഞ്ഞ ആഴ്ച പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതായി പ്രതിരോധ വക്താവ് അറിയിച്ചു.