റാണയെ തൂക്കിലേറ്റണമെന്ന് മുംബയിൽ അന്ന് രക്ഷപ്പെട്ട ദേവിക
ന്യൂഡൽഹി : തഹാവൂർ റാണയെ തൂക്കിക്കൊല്ലണമെന്ന് മുംബയ് ഭീകരാക്രമണത്തിൽ വെടിയേറ്റെങ്കിലും കഷ്‌ടിച്ചു രക്ഷപ്പെട്ട ദേവിക രോത്തവാൻ. കേസിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷിയാണ്. സുരക്ഷാസേന പിടികൂടിയിരുന്ന അജ്മൽ കസബിന് വധശിക്ഷ ലഭിച്ചതിൽ ദേവികയുടെ ദൃക്‌സാക്ഷി മൊഴിയും നിർണായകമായിരുന്നു. സംഭവസമയത്ത് ഒൻപത് വയസായിരുന്നു ദേവികയ്‌ക്ക്. റാണയെ രാജ്യത്ത് എത്തിച്ചത് ഇന്ത്യയുടെ വിജയമാണെന്ന് ദേവിക പ്രതികരിച്ചു. കേന്ദ്രസർക്കാരിന് നന്ദി. ഇത് രാജ്യത്തെ ഭീകരതയുടെ അവസാനത്തിന്റെ തുടക്കമാണ്.
നയതന്ത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നീക്കങ്ങളാണ് ഫലപ്രാപ്‌തിയിലെത്തിയതെന്ന് ബി.ജെ.പി പ്രതികരിച്ചു. സുരക്ഷാ ഏജൻസികൾക്ക് ഈ നടപടി നാഴികക്കല്ലാണ്. ഇന്ത്യയുടെ പരമാധികാരത്തെ ആരെങ്കിലും ആക്രമിച്ചാൽ, ലോകത്തിന്റെ ഏത് കോണിൽ പോയും അവരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മോദി പറഞ്ഞിരുന്നു. ആ വാഗ്ദാനം നിറവേറ്റിയെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
കേന്ദ്രത്തെ പ്രശംസിച്ച് തരൂർ
റാണയെ രാജ്യത്ത് എത്തിച്ച കേന്ദ്രസർക്കാരിന്റെ നടപടിയെ കോൺഗ്രസ് നേതാവ് ശശി തരൂർ പ്രകീർത്തിച്ചു. ഗൂഢാലോചനയിൽ ഉൾപ്പെട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു