കൈമാറ്റം ഉറപ്പാക്കിയത് നയതന്ത്രവും നിയമയുദ്ധവും

Friday 11 April 2025 12:12 AM IST

ന്യൂഡൽഹി: നാലു കൊല്ലമായി കേന്ദ്രസർക്കാർ നയതന്ത്ര, നിയമ തലങ്ങളിൽ നടത്തിയ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് മുംബയ് ഭീകരാക്രമണ ഗൂഢാലോചന നടത്തിയ പ്രധാന പ്രതികളിലൊരാളായ തഹാവൂർ റാണയെ യു.എസിൽ നിന്ന് ഇന്ത്യയിലെത്തിക്കാൻ വഴി തെളിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ എന്നീ യു.എസ് പ്രസിഡന്റുമാരുമായുള്ള അടുപ്പത്തിനൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്‌‌ടാവായ അജിത് ഡോവലിന്റെ നേതൃത്വത്തിൽ നടത്തിയ തന്ത്രപരമായ നീക്കങ്ങളും നിർണായകമായി. യു.എസ് പൗരന്മാർ അടക്കം കൊല്ലപ്പെട്ട മുംബയ് ഭീകരാക്രമണ ഗൂഢാലോചനയിൽ റാണയ്‌ക്ക് പങ്കില്ലെന്ന നിലപാടായിരുന്നു ആദ്യം യു.എസ് കോടതിയുടേത്. 2011ൽ കേസിൽ റാണയെ യു.എസ് കോടതി വെറുതെ വിട്ടത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. ഇതടക്കം റാണയ്‌ക്ക് യു.എസിൽ ലഭിക്കുന്ന നിയമപരമായ പിന്തുണ ഇന്ത്യയ്‌ക്ക് തടസമായിരുന്നു.

അതുമനസിലാക്കിയുള്ള നീക്കങ്ങളാണ് ഡോവലിന്റെ നേതൃത്വത്തിൽ നടത്തിയത്. 2010 മുതൽ റാണയുടെ കൈമാറ്റ കേസിൽ വാദം നടത്തുന്ന ഡൽഹിയിലെ പ്രമുഖ അഭിഭാഷകൻ ദയാൻ കൃഷ്‌ണയുടെ നേതൃത്വത്തിൽ നിയമപോരാട്ടം ശക്തമാക്കി. ഒരേ കുറ്റത്തിന് രണ്ടുതവണ ശിക്ഷിക്കപ്പെടില്ലേ എന്ന യു.എസ് കോടതിയുടെ സംശയം നിവാരണം ചെയ്യാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഇക്കാര്യത്തിൽ റാണയുടെ അഭിഭാഷകൻ പോൾ ഗാർലിയെ തറപറ്റിക്കുന്ന വാദങ്ങളാണ് ദയാൻ കൃഷ്‌ണൻ നടത്തിയത്. പ്രതികളുടെ പ്രവൃത്തിക്കൊപ്പം കുറ്റകൃത്യത്തിന്റെ വ്യത്യസ്ത ഘടകങ്ങളും പരിഗണിക്കണമെന്ന വാദം കോടതി അംഗീകരിച്ചു.

പ്രവാചകൻ നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ 2005ൽ ഡാനിഷ് പത്രത്തിന്റെ ഓഫീസ് ആക്രമിക്കാനുള്ള മിക്കി മൗസ് പദ്ധതിയുടെ ഗൂഢാലോചനയിൽ റാണയുടെ പങ്കുതെളിഞ്ഞതും മുംബയ് ഭീകരാക്രമണത്തിലെ സഹപ്രതി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ മൊഴിയും ശ്രമങ്ങൾ എളുപ്പമാക്കി.

കീഴ്‌ക്കോടതിയിൽ

തോറ്റതിനുശേഷവും

2023ന് യു.എസ് ജില്ലാകോടതി, 2024 ആഗസ്റ്റിൽ യു.എസ് അപ്പീൽ കോടതി, 2025 ജനുവരി 21ന് യു.എസ് സുപ്രീം കോടതി എന്നിവിടങ്ങളിൽ നൽകിയ അപ്പീലും തള്ളി. 2025 ഏപ്രിൽ നാലിന് അന്തിമ പുനഃപരിശോധനാ ഹർജി തള്ളിയതോടെ ഇന്ത്യയുടെ നീക്കങ്ങൾ വിജയിച്ചു.