ഭാര്യയെ ഹെൽമെറ്റുകൊണ്ട് മർദ്ദിച്ചയാൾ അറസ്റ്റിൽ
ബന്ധുവിനും അയൽവാസികൾക്കും വെട്ടേറ്റു
വർക്കല: ഇലകമണിൽ ഭാര്യയെ ഹെൽമെറ്റുകൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അഞ്ചുതെങ്ങ് കായിക്കര ചാന്നാൻവിളയിൽ നൗഷാദി(36)നെ അയിരൂർ പൊലീസ് അറസ്റ്റുചെയ്തു. നൗഷാദിന്റെ ശാരീരിക മാനസിക പീഡനങ്ങൾ കാരണം ഇലകമൺ യു.പി.എസിന് സമീപം തെറ്റിക്കുഴി സ്വദേശിനി നിഷാന ഏറെനാളായി സ്വന്തം വീട്ടിൽ മകനോടൊപ്പമാണ് കഴിയുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ നൗഷാദിനൊപ്പവും. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.45ഓടെ മകൾക്കൊപ്പം നിഷാനയുടെ വീട്ടിലെത്തിയ നൗഷാദ് തൊഴിലുറപ്പ് ജോലികഴിഞ്ഞ് വന്ന നിഷാനയുമായി വഴക്കിടുകയും നിഷാനയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി റോഡിൽ വച്ച് പരസ്യമായി ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തുകയുമായിരുന്നു. നിലത്തുവീണ നിഷാനയെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചതോടെ സമീപവാസികളെത്തി പിടിച്ചുമാറ്റി.
മർദ്ദിച്ചശേഷം സ്കൂട്ടിയിൽ മടങ്ങിയ നൗഷാദ് വീണ്ടും തിരികെയെത്തിയപ്പോൾ നിഷാനയുടെ പിതൃസഹോദരൻ ഷാനവാസും(54)അയൽവാസികളായ സിബിൻ,നോബിൾ എന്നിവരും ചേർന്ന് നിഷാനയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതാണ് കണ്ടത്. തുടർന്ന് പ്രതി കൈയിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് ഇവരെ ആക്രമിച്ചു.
തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിൽ സർജറിക്കു ശേഷം വർക്കല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഷാനവാസിന്റെ തലയ്ക്ക് 20ഓളവും കൈയിൽ 50ഓളവും സ്റ്റിച്ചുണ്ട്. നില ഗുരുതരമല്ല. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് കേസെടുത്തു. കോടതിയിൽ വിവാഹ മോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.