മകൻ കിണറ്റിൽ വീണു മരിച്ച കേസ്: അച്ഛന് പത്തു വർഷം കഠിന തടവും പിഴയും

Friday 11 April 2025 1:19 AM IST

നെയ്യാറ്റിൻകര: കല്ലെറിഞ്ഞു വിരട്ടി ഓടിക്കവേ കിണറ്റിൽ വീണു മകൻ മരിച്ച കേസിൽ അച്ഛനു പത്തു വർഷം കഠിന തടവും പിഴയും. വണ്ടിത്തടം പൊറ്റവിള വീട്ടിൽ ദാസൻ നാടാരുടെ മകൻ ബേബി (63)യെയാണ് പത്തു വർഷം കഠിന തടവിനും 50000 രൂപ പിഴ ഒടുക്കുന്നതിനും നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ഉത്തരവിട്ടത്. ബേബിയുടെ മകൻ സന്തോഷ്‌ (30)ആണ് കൊല്ലപ്പെട്ടത്. മദ്യപാനിയായ ബേബി ഭാര്യയെ മർദ്ദിക്കുക പതിവാണ്.2014 ഏപ്രിൽ 26 ന് രാത്രി വൈകി ബേബി ഭാര്യയെ ദേഹോപദ്രവം ചെയ്തു.പുലർച്ച വരെ തുടർന്ന കലഹത്തിൽ സന്തോഷ്‌ എഴുന്നേറ്റു പിതാവിനെ തടഞ്ഞതിനെ തുടർന്ന് പ്രതി കല്ലുകൾ വലിച്ചെറിഞ്ഞു. രക്ഷപ്പെടാനായി വീടിനു പുറത്തിറങ്ങി ഓടിയ മകനെ പിതാവ് വീണ്ടും ആക്രമിച്ചു. കല്ലുമായി പ്രതി മകനെ ആക്രമിക്കാൻ ഓടിക്കുന്നതിനിടയിൽ അടുത്ത പുരയിടത്തിലെ കൈവരിയില്ലാത്ത പൊട്ടക്കിണറ്റിൽ സന്തോഷ്‌ വീഴുകയായിരുന്നു. അച്ഛൻ മകനെ ആക്രമിക്കുന്നതും പുരയിടം വഴി ഓടിക്കുന്നതും നാട്ടുകാർ കണ്ടിരുന്നു.എന്നാൽ മകൻ കിണറ്റിൽ വീണ വിവരം പ്രതി മറ്റുള്ളവരിൽ നിന്നു മറച്ചുവച്ചു. പിറ്റേന്ന് വൈകി നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പൊട്ടക്കിണറ്റിൽ സന്തോഷ്‌ മരിച്ചുകിടക്കുന്നതു കണ്ടത്. ജാമ്യത്തിൽ കഴിഞ്ഞുവന്ന പ്രതി ബേബിയെ ശിക്ഷിച്ചുകൊണ്ട് കസ്റ്റഡിയിലെടുത്ത് ജയിലേക്ക് റിമാൻഡ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ,മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി.