ജെ.എൽ.ജി ഗ്രൂപ്പുകൾ വഴി, കുടുംബശ്രീ വിളയിച്ചു 150 ടൺ കണിവെള്ളരി

Friday 11 April 2025 12:29 AM IST

  • വിൽക്കാൻ 101 മേളകൾ

തൃശൂർ: ജെ.എൽ.ജി ഗ്രൂപ്പുകൾ വഴി 62.65 ഏക്കറിൽ കുടുംബശ്രീ വിളയിച്ചത് 150 ടൺ കണി വെള്ളരി. കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ജില്ലയിൽ 101 വിഷു വിപണന മേളകളും ഒരുക്കി. കണിവെളളരി, തണ്ണിമത്തൻ കൃഷികളിലാണ് ഇക്കുറി കുടുംബശ്രീ വേരുറപ്പിച്ചത്. പോയവർഷങ്ങളേക്കാൾ വിളവ് കൂടി. കണിവെളളരി കൃഷിയിടങ്ങളിൽ നിന്ന് തന്നെ വിറ്റുതീരുന്നുണ്ട്. കുടുംബശ്രീയുടെ കാർഷിക ഉത്പന്നങ്ങളുടെയും മറ്റ് സൂക്ഷ്മ സംരംഭ യൂണിറ്റുകൾ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ വിഷു വിപണമേളകൾ സംഘടിപ്പിക്കുന്നത്. ജില്ലാതല വിപണന മേള കളക്ടറേറ്റ് അങ്കണത്തിൽ 9ന് തുടങ്ങി. 11 വരെ തുടരും. മതിലകം പഞ്ചായത്തിലെ പാപ്പിനോസ് ഫുഡ് കോർട്ടിന് സമീപം ഏപ്രിൽ 11 മുതൽ 15 വരെ കഫേ കുടുംബശ്രീ ഭക്ഷ്യമേളയും സജ്ജമാക്കിയിട്ടുണ്ട്.

വെജിറ്റബിൾ കിയോസ്‌കുകളും

കോലഴി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് നേച്ചേഴ്‌സ് ഫ്രഷ് വെജിറ്റബിൾ കിയോസ്‌കും തുടങ്ങിയിരുന്നു. ജെ.എൽ.ജികളിൽ കൃഷി ചെയ്ത വിഷരഹിത പച്ചക്കറികൾ പുഴയ്ക്കൽ ബ്ലോക്കിലെ അഗ്രി കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺസിന്റെ സഹകരണത്തോടെ സംഭരിച്ചാണ് വെജിറ്റബിൾ കിയോസ്‌ക് വഴി വിതരണം ചെയ്യുന്നത്. കുടുംബശ്രീ കൂട്ടായ്മകൾ ഉദ്പ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും കിയോസ്‌ക് വഴി ജനങ്ങൾക്ക് ലഭ്യമാകും. രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് വരെയാണ് കിയോസ്‌കിന്റെ പ്രവർത്തന സമയം.

ഗ്രാമീണ സി.ഡി.എസുകൾ: 86

നഗര സി.ഡി.എസുകൾ: 14

ബ്ലോക്കുകൾ:16

വാർഡുകൾ: 131

ജെ.എൽ.ജി ഗ്രൂപ്പുകൾ: 166

വനിത കർഷകർ: 671

മേളകളിലുളളത്:

ഭക്ഷ്യവിഭവങ്ങൾ, കരകൗശല വസ്തുക്കൾ, പലഹാരങ്ങൾ, ഓർഗാനിക് ഉത്പന്നങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, ഹെർബൽ ഉത്പന്നങ്ങൾ, ജ്വല്ലറി പ്രൊഡക്ടസ്, ഗാർമെന്റ്സ്, സോപ്പ്, ടോയ്‌ലറ്ററീസ്.

വിളഞ്ഞ കണിവെള്ളരി മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി പോകുന്നു. ഈ വിഷുവിനും കണിവെള്ളരിക്ക് നല്ല വില ലഭിക്കന്നുവെന്നത് കർഷകർക്ക് ഏറെ സന്തോഷം നൽകുന്നു. അടുത്ത വർഷവും ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൂടുതൽ ജെ.എൽ.ജി ഗ്രൂപ്പുകൾ കണിവെള്ളരി കൃഷി ചെയ്യുന്നതിന് സി.ഡി.എസുകൾക്ക് നിർദ്ദേശം നൽകി ഗ്രൂപ്പുകളെ സജ്ജരാക്കാൻ തയ്യാറെടുക്കുകയാണ്.

-ഡോ. യു.സലിൽ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ