വിനീത കൊലക്കേസ്: പ്രതി കുറ്റക്കാരൻ, ശിക്ഷ 21ന്

Friday 11 April 2025 1:26 AM IST

പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, 7 റിപ്പോർട്ടുകൾ തേടി കോടതി

തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി തിരുനെൽവേലി വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ 21ന്. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിച്ചത്. നെടുമങ്ങാട് കരിപ്പൂർ ചരുവള്ളിക്കോണം സ്വദേശിനിയും പേരൂർക്കടയിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയുമായ വിനീതയെയാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ നാലര പവന്റെ മാല മോഷ്ടിക്കുന്നതിനാണ് പ്രതി കൊല നടത്തിയതെന്നാണ് കേസ്.

കുറ്റം അപൂർവങ്ങളിൽ അപൂവമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതിനായി ഏഴ് വിവിധ റിപ്പോർട്ടുകൾ ഏഴ് ദിവസത്തിനകം ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

പ്രതിയുടെ മുൻകാല സ്വഭാവം, മാനസികനില, മാനസാന്തര അവസ്ഥ, പ്രതി ഇതുവരെ നടത്തിയ കുറ്റകൃത്യങ്ങൾ, സ്വത്ത് വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് നൽകേണ്ടത്. ഇതിന് ജില്ലാ കളക്ടർ,പൊലീസ്, റവന്യൂ വകുപ്പ് എന്നിവരാണ് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചത്. ഇവ പരിശോധിച്ച ശേഷമായിരിക്കും വധശിക്ഷയെന്ന ആവശ്യത്തിൽ തീരുമാനമെടുക്കുക.

2022 ഫെബ്രുവരി 6നാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്. വിനീതയുടെ മാല തമിഴ്‌നാട് കാവൽക്കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തിരുന്നു. തിരുനെൽവേലി വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ജീവനക്കാരനുമായ സുബ്ബയ്യ, ഭാര്യ വാസന്തി വളർത്തുമകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയാണ് വിനീതയെ കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.