ടി.ടി.ആറിനെതിരേ കൈയ്യേറ്റം: ജവാൻ പിടിയിൽ
പാറശാല: റെയിൽവേ ടി.ടി.ആറിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ബി.എസ്.എഫ് ജവാൻ പിടിയിൽ. കൊല്ലങ്കോട് സ്വദേശി രതീഷ് ഫ്രാൻസിസ് (36) ആണ് പിടിയിലായത്. എറണാകുളം സ്വദേശിയും കന്യാകുമാരി -ബംഗളുരു പാസഞ്ചർ ട്രെയിനിലെ ഉദ്യോഗസ്ഥനുമായ ജയേഷാണ് ആക്രമണത്തിനിരയായത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് പാസഞ്ചർ ട്രെയിൻ പാറശാല സ്റ്റേഷൻ കടന്നതിന് ശേഷം നെയ്യാറ്റിൻകരയ്ക്ക് സമീപത്തു വച്ചായിരുന്നു സംഭവം. കുടുംബസമേതം തിരുവനന്തപുരം മ്യൂസിയം കാണാൻ പോകുകയായിരുന്നു രതീഷ്. ജനറൽ ടിക്കറ്റെടുത്ത ശേഷം സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യാൻ ശ്രമിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ടിക്കറ്റ് പരിശോധനയ്ക്കെത്തിയ ടി.ടി.ആർ സ്ലീപ്പർ ടിക്കറ്റിനുള്ള കൂടുതൽ തുക അടയ്ക്കാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ രതീഷ് ടി.ടി.ആർ ജയേഷിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ജയേഷിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് രതീഷ് മർദ്ദിച്ചെന്ന് പാറശാല റെയിൽവേ പൊലീസ് പറയുന്നു. തുടർന്ന് രതീഷിനെ ട്രെയിനിലെ സേനാംഗങ്ങൾ ചേർന്ന് കീഴടക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ ഹാജാക്കി. മർദ്ദനമേറ്റ ടി.ടി.ആർ ജയേഷ് റെയിൽവേയുടെ പേട്ട ആശുപത്രിയിൽ ചികിത്സയിലാണ്.