അവധിയും അനാസ്ഥയും : തകിടം മറിഞ്ഞ് റേഷൻവിതരണം
തൃശൂർ: വിഷുവും ഈസ്റ്ററുമെത്തുമ്പോൾ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളുമില്ലാതെ റേഷൻ കടകൾ. റേഷൻ മാത്രം ആശ്രയിച്ച് കഴിയുന്ന സാധാരണക്കാരായ ഗുണഭോക്താക്കൾ ബുദ്ധിമുട്ടിൽ. മാർച്ച് 31 വരെയുള്ള വാർഷിക കണക്കെടുപ്പിന് ശേഷം എട്ട് മുതലാണ് ഏപ്രിലിലെ ഭക്ഷ്യധാന്യങ്ങൾ നൽകിത്തുടങ്ങിയതെങ്കിലും പലയിടത്തും ഭക്ഷ്യധാന്യമില്ലാതെ വിതരണം മുടങ്ങി.
ഈ മാസത്തെ റേഷൻ വിതരണം ആരംഭിച്ച ശേഷം വിഷുവിന് മുൻപ് ആകെ മൂന്ന് പ്രവൃത്തിദിനങ്ങൾ മാത്രമേയുള്ളൂ.
9, 10 ദിവസങ്ങളിൽ റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവുണ്ടായിരുന്നു. റേഷൻ കടകളിലേക്കുള്ള വാതിൽപ്പടി വിതരണത്തിൽ കരാറുകാരൻ കാലതാമസം വരുത്തിയതാണ് വിനയായത്.
വിഷുവിന് മുൻപുള്ള ഏക പ്രവൃത്തി ദിനമായ ഇന്നും വിതരണം നടന്നില്ലെങ്കിൽ വിഷു ആഘോഷത്തിന്റെ നിറം മങ്ങും. നാളെ രണ്ടാം ശനിയാഴ്ചയും മറ്റെന്നാൾ ഞായറാഴ്ചയും അവധിയാണ്. തിങ്കളാഴ്ചയാണ് വിഷുദിനം. വിഷുവിന് ശേഷം ഈസ്റ്ററിന് മുൻപും ആകെ മൂന്ന് പ്രവൃത്തി ദിനമേയുള്ളൂ. 15, 16, 19 ദിനങ്ങൾ മാത്രമാണ് പ്രവൃത്തിദിവസങ്ങൾ. 17ന് പെസഹയും 18ന് ദുഃഖവെള്ളിയും അവധിയാണ്. തൊഴിലാളികളുടെയും വാഹനങ്ങളുടെയും കുറവും അധികൃതരുടെ നിസഹകരണവും മൂലം ശനിയാഴ്ച കൂടി വിതരണം തടസപ്പെട്ടാൽ ഈസ്റ്റർ ദിനം വരെ റേഷൻ വിതരണം തകിടം മറിയും. ചില റേഷൻ കടകളിൽ 40 ശതമാനത്തോളം ധാന്യങ്ങൾ സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മട്ട അരിയില്ല.
കമ്പ്യൂട്ടർവത്കരിച്ചിട്ടും കാലതാമസം
സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലെ എല്ലാ സപ്ലൈ ഓഫീസുകളും കമ്പ്യൂട്ടർവത്കരിച്ചിട്ടും വാർഷിക കണക്കെടുപ്പ് വൈകുന്നതായി വ്യാപാരികൾ. ഒറ്റ ക്ലിക്കിന് എല്ലാ കണക്കും കിട്ടുമെന്നിരിക്കെ ഇത്രയേറെ വൈകുന്നത് നീതീകരിക്കാനാകില്ല. ഏപ്രിലിലെ വിതരണം ഇത്രയേറെ വൈകാൻ കാരണം ഓരോ റേഷൻ കടകളിലേക്കും നൽകേണ്ട ഭക്ഷ്യധാനങ്ങളുടെ അളവ് ഉൾപ്പെടുന്ന അതോറിറ്റി ലിസ്റ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർ വൈകിയതാണെന്നാണ് വ്യാപാരികൾ പറയുന്നു.
റേഷൻ കടകൾ: 1230 വേണ്ട ഭക്ഷ്യധാന്യം: 123 ടൺ കരാറുകാരന് കുടിശ്ശിക: 2.4 കോടി
പരാതിയുമായി കരാറുകാരൻ
റേഷൻ കടകളിലേക്കുള്ള വാതിൽപ്പടി വിതരണം നടത്തിയതിന്റെ ഭാഗമായി മൂന്നുമാസത്തെ തുക കിട്ടാനുണ്ടെന്ന് കരാറുകാരൻ. ഏഴ് താലൂക്കിലേക്ക് വിതരണം ചെയ്ത 2.4 കോടിയാണ് കുടിശ്ശികയുള്ളത്. ഡിസംബർ വരെയേ കിട്ടിയിട്ടുള്ളൂ. ഓരോ മാസവും 90 ശതമാനം തുകയേ തരൂ. ബാക്കി 10 ശതമാനം ഓഡിറ്റിംഗ് പൂർത്തിയാക്കിയ ശേഷമാണ് നൽകുക. ഇതുമൂലം വണ്ടികൾക്ക് കേടുപാടുണ്ടായാൽ പോലും അറ്റകുറ്റപ്പണി നിർവഹിക്കാനാകുന്നില്ലെന്നാണ് കരാറുകാരന്റെ പരാതി. ഉദ്യോഗസ്ഥരുടെ നിസഹകരണവും ചരക്കുനീക്കത്തെ ബാധിക്കുന്നുണ്ടത്രേ.