ഇസ്രയേൽ ആക്രമണം: ഗാസ സിറ്റിയിൽ 35 മരണം

Friday 11 April 2025 1:31 AM IST

കയ്റോ: ഗാസ സിറ്റിയിലുള്ള ഷുജയയിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ

ഇസ്രയേൽ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 35 പേർ കൊല്ലപ്പെട്ടു. 55 പേ‍ർക്കു പരുക്കേറ്റു. തകർന്ന കെട്ടിടത്തിനിടയിൽ പെട്ട് 80 പേരെ കാണാതായി. ഗുരുതരമായി പരിക്കേറ്റ നിരവധി ആളുകളെ ആശുപത്രിയിലേക്ക് മാറ്റി.സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകളുണ്ടായി. മുതിർന്ന ഹമാസ് നേതാവിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടുന്നത്. തെക്കൻ ഗാസയിലെ സുരക്ഷിതമേഖലയായി പ്രഖ്യാപിച്ച അൽ മവാസിയിലും ആക്രമണമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിലെ 45 ഇടങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. 2023 ഒക്ടോബറിൽ ഗാസയിൽ ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 50,884 ആയി. 115,729 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

എട്ടാഴ്ച മാത്രം നീണ്ട വെ‌‍ടിനിർത്തലിനു ശേഷം കഴിഞ്ഞ മാസം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതോടെ മരണനിരക്ക് ഉയരുകയാണ്. ഗാസയിൽ ഉടനീളം സഹായവിതരണം ഉൾപ്പെടെ സ്തംഭിച്ചു. വെസ്റ്റ് ബാങ്കിൽ പലസ്തീൻ–യു.എസ് വംശജനായ ഒമർ അഹമ്മദ് റബിയ(14) ഇസ്രയേൽ കുടിയേറ്റക്കാരന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് യു.എസ് അറിയിച്ചു.