സൈന്യത്തിൽനിന്ന് ഒളിച്ചോടിയ റാണ

Friday 11 April 2025 1:35 AM IST

തഹാവുർ ഹുസൈൻ റാണ... മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻമാരിലൊരാളായ യു.എസ് പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ കൂട്ടാളി. പാകിസ്ഥാൻ ആർമിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചുവരുന്നതിനിടെയാണ് റാണ നടുവിടുന്നത്. കാനഡയിൽ എത്തിയ റാണയ്ക്ക് 2001ൽ കനേഡിയൻ പൗരത്വം ലഭിച്ചു. ഒട്ടാവയിലായിരുന്നു താമസം. ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവിസസ് എന്ന പേരിൽ ഇമിഗ്രേഷൻ സർവിസ് ഏജൻസി ഉൾപ്പെടെ നിരവധി ബിസിനസുകൾക്ക് റാണ തുടക്കമിട്ടു. ചിക്കാഗോ, ന്യൂയോർക്ക്, ടൊറന്റോ എന്നിവിടങ്ങളിലും ഇമിഗ്രേഷൻ സർവിസ് ഏജൻസിയുടെ ഓഫിസുകൾ തുടങ്ങി. മുംബയിലും റാണ ഓഫീസ് തുടങ്ങിയിരുന്നു. ഇതുവഴിയാണ് ഹെഡ്‌ലിക്ക് മുംബയ് ഭീകരാക്രമണത്തിനാവശ്യായ സഹായങ്ങൾ ലഭ്യമാക്കിയത്.റിപ്പോർട്ടുകൾ പ്രകാരം റാണ നാല് തവണയാണ് ഇന്ത്യ സന്ദർശിച്ചത്. 2008 നവംബറിൽ കുടുംബ സമേതം മുംബയ് സന്ദർശിച്ചത് തന്റെ ഇമിഗ്രേഷൻ കൺസൾട്ടൻസി ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

റാണയുടെ ബാല്യകാല സുഹൃത്താണ് ഹെഡ്‌ലി. പാക്കിസ്ഥാനിയായ പിതാവിനും അമേരിക്കൻ മാതാവിനും യു.എസിൽ ജനിച്ച ഹെഡ്‌ലിയും റാണയും ലഷ്‌കറെ ത്വയിബ, ഹർക്കത്ത്- ഉൽ ജിഹാദി ഇസ്ലാമി എന്നീ സംഘടനകളുമായി ചേർന്ന് ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കിയെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

കുടുംബത്തിനൊപ്പമെത്തി

മുംബയ് ഭീകരാക്രമണത്തിന് മുൻപ് റാണ ഭാര്യക്കും മകൾക്കുമൊപ്പം ഇന്ത്യയിലെത്തിയിരുന്നെന്നാണ് റിപ്പോർട്ടുകൾ. താജ്മഹൽ,കൊച്ചി, മുംബയ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ആക്രമണത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിന് വേണ്ടിയായിരുന്നു സന്ദർശനം എന്നാണ് കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന ഡേവിഡ് ഹെഡ്‌ലി പറഞ്ഞത്. ഇവർ ഇന്ത്യയിൽ നിന്ന് തിരികെ പോയി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പത്ത് ലഷ്കറെ ത്വയിബ ഭീകരർ മുംബയിൽ ആക്രമണം നടത്തിയത്. 166 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. എന്നാൽ ഭാര്യക്കും മകൾക്കുമൊപ്പമാണ് മുംബയ് സന്ദർശിച്ചതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് റാണ ഇതിനെ ന്യായീകരിക്കുന്നത്. ഭാര്യ സംറാസും മകൾ സോയയും അവരുടെ യഥാർഥ പേരുകൾ ഉപയോഗിച്ച് തന്നെയാണ് മുംബയിലേക്ക് വന്നതെന്നും ഉത്തർ പ്രദേശിലുള്ള ബന്ധുക്കളെയും ഈ യാത്രയ്ക്കിടെ മൂവരും സന്ദർശിച്ചതായും പറയപ്പെടുന്നു.

യു.എസ്- പാക് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും പാകിസ്ഥാൻ ചാരസംഘടനയായ ഐ‌.എസ്‌.ഐയും തമ്മിലുള്ള കണ്ണിയായിരുന്നു റാണയെന്നാണ് എൻ.ഐ.എ സംഘം പറയുന്നത്. പാകിസ്ഥാനിലെ അറ്റോക്ക് ജില്ലയിലെ ഹസനാബ്ദാലിലെ കേഡറ്റ് കോളേജിലാണ് റാണയും ഹെഡ്ലിയും കണ്ടുംമുട്ടുന്നതും സൗഹൃദത്തിലാകുന്നതും. മുംബയ് ഭീകരാക്രമണത്തിൽ റാണയ്ക്ക് പങ്കുണ്ടെന്ന് ഹെഡ്‌ലി ആരോപിക്കുന്നതുവരെ ഈ ബന്ധം ഊഷ്മളമായി തന്നെ പോയിരുന്നു.

2008 നവംബർ 11 ന് ഇന്ത്യയിലെത്തിയ റാണ നവംബർ 21 വരെ രാജ്യത്ത് തങ്ങിയെന്ന് മുംബയ് പൊലിസ് റിപ്പോർട്ടിലുണ്ട്. എന്നാൽ, താജ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനൽ തുടങ്ങിയവടങ്ങളിൽ ഭീകരാക്രമണം നടത്തുന്നതിന് നിരീക്ഷണം നടത്താനാണ് റാണ മുംബയിലെത്തിയതെന്നാണ് ഹെഡ്‌ലി എഫ്.ബി.ഐക്ക് മൊഴിനൽകിയത്.

ഭീകരാക്രമണ ശേഷം 'ഇന്ത്യ ഇത് അർഹിക്കുന്നു' എന്നും കൊല്ലപ്പെട്ട ഒമ്പത് ഭീകരർക്ക് പാക് പരമോന്നത സൈനിക ബഹുമതിയായ നിഷാൻ ഇഹൈദർ നൽകണമെന്നും റാണ തന്നോട് ആവശ്യപ്പെട്ടെന്നും ഹെഡ്‌ലി പറഞ്ഞു. എന്നാൽ, ആക്രമണന്റെ ആസൂത്രണത്തിലോ മറ്റ് തീരുമാനങ്ങളിലോ റാണ പങ്കാളിയായിരുന്നെന്നോ കൂടിയാലോചിച്ചിരുന്നോയെന്ന് ഹെഡ്‌ലി ആരോപിച്ചിട്ടില്ല. ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ 2009 ഒക്ടോബറിൽ ചിക്കാഗോ എയര്‍പോര്‍ട്ടില്‍ വച്ചാണ് യു.എസ് പൊലിസ് റാണയെ അറസ്റ്റ് ചെയ്യന്നത്.

2005ൽ പ്രവാചകന്റെ കാർട്ടൂണുകൾ അച്ചടിച്ച ജിലാൻഡ്‌സ് പോസ്റ്റൺ എന്ന ഡാനിഷ് പത്രത്തിന്റെ ഓഫിസ് ആക്രമിക്കാൻ ലഷ്‌കറിൻ പിന്തുണ നൽകിയെന്ന കുറ്റവും റാണക്കെതിരേയുണ്ട്. ഈ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2011ൽ ചിക്കാഗോയിലെ നോർത്തേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ഇല്ലിനോയ്‌സിലെ ഫെഡറൽ കോടതി റാണയെ ശിക്ഷിച്ചെങ്കിലും, റാണയ്‌ക്കെതിരായ മുംബൈ ആക്രമണത്തിന് പിന്തുണ നൽകിയെന്ന കുറ്റം ഒഴിവാക്കി. വിധിയിൽ നിരാശ പ്രകടിപ്പിച്ച ഇന്ത്യ, ദേശീയ അന്വേഷണ ഏജൻസി ഡൽഹിയിലെ കോടതിയിൽ റാണയ്‌ക്കെതിരേ കുറ്റം ചുമത്തുമെന്ന് വ്യക്തമാക്കി.