ഡ്രസ് മാറാൻ സ്ഥലം കിട്ടിയില്ല, ഇടയ്‌ക്ക് വച്ച് പിന്മാറി; ബസൂക്കയിൽ അഭിനയിക്കാൻ പ്രതിഫലം വാങ്ങിച്ചില്ലെന്ന് ആറാട്ടണ്ണൻ
കഴിഞ്ഞ ദിവസമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ 'ബസൂക്ക' റിലീസായത്. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഇടയിൽവച്ച് താൻ പിന്മാറിയിരുന്നുവെന്നും പ്രതിഫലം പോലും വാങ്ങിച്ചിട്ടില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു.
'എന്റെ മുഖം കണ്ടപ്പോൾ എനിക്ക് തന്നെ ചിരിവന്നു. എന്തുകൊണ്ടാണ് ആൾക്കാർ ചിരിക്കുന്നതെന്ന് എനിക്ക് മനസിലായി. ഒന്നര - രണ്ട് വർഷം മുമ്പ് ഞാൻ അഭിനയിച്ചതാണ്. ഇടയ്ക്കുവച്ച് ഞാൻ ഇറങ്ങിപ്പോയി, ഷൂട്ടിംഗ് കംപ്ലീറ്റ് ചെയ്തില്ല. ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ടാണ് പോയത്. അത് മണ്ടത്തരമായി തോന്നി. ഇതിൽ ഞാൻ ഉണ്ടാകില്ലെന്ന് വിചാരിച്ചതാണ്. അവസാനം വന്നു.
വളരെ ഹാപ്പിയാണ്. മമ്മൂക്കയുമായി കോമ്പിനേഷൻ സീനൊന്നും ഇല്ല. എന്റെ അഭിനയ കഴിവ് കൊണ്ടൊന്നുമല്ല, പോപ്പുലാരിറ്റി കൊണ്ടാണ് സിനിമയിലേക്ക് വിളിച്ചത്. എനിക്ക് പടം നന്നായിട്ടാണ് തോന്നിയത്. ഈ റോൾ മമ്മൂട്ടിയ്‌ക്കേ ചെയ്യാനാകൂ, വേറെയാർക്കും ചെയ്യാനാകില്ല.'- സന്തോഷ് വർക്കി പറഞ്ഞു.
ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണായകമായ ഒരു വേഷത്തിൽ എത്തുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പൊലീസ് ഓഫീസറായാണ് അദ്ദേഹം ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.