നിലമ്പൂരിൽ സിപിഎമ്മിന് സ്വതന്ത്ര സ്ഥാനാർത്ഥി? മുൻ ഫുട്‌ബോൾ താരം മത്സരിച്ചേക്കും

Friday 11 April 2025 2:33 PM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മുൻ ഫുട്‌ബോൾ താരവും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ യു ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ് മുൻ പ്രിൻസിപ്പൽ തോമസ് മാത്യു, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎം പരിഗണനയിൽ ഉള്ളതെന്നാണ് വിവരം. വിജയസാദ്ധ്യതയുള്ള മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളെയും പരിഗണിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിൽ പൂർണമായും സ്വതന്ത്ര പരീക്ഷണം ഉപേക്ഷിക്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം വിപി അനിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുന്നത്. പ്രാഥമിക ഘട്ടത്തിൽ യു ഷറഫലി, തോമസ് മാത്യു, ഡോ. ഷിനാസ് ബാബു എന്നിവരാണ് പാർട്ടിയുടെ പരിഗണനയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

സ്വതന്ത്ര പരീക്ഷണത്തിലുള്ള അതൃപ്‌തി കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ഉയർന്നെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, എല്ലാവർക്കും അംഗീകരിക്കാൻ പറ്റിയ, പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനായ ഒരു സ്വതന്ത്രനെ പരിഗണിക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നാണ് സൂചന.

അതേസമയം, നിലമ്പൂർ തിരിച്ചുപിടിക്കാൻ കോൺഗ്രസും കടുത്ത ശ്രമത്തിലാണ്. യുഡിഎഫും സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ചർച്ചകളിലാണ്. ഡിസിസി പ്രസിഡന്റ് ജോയിക്കാണ് നിലവിൽ മുൻഗണന.