സയൻസ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം മേയ് 11 ന്

Saturday 12 April 2025 12:46 AM IST

കോട്ടയം : കുറവിലങ്ങാട് കോഴായിൽ നിർമ്മാണം പുരോഗമിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മേയ് 11 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ജോസ് കെ മാണി എം.പി അറിയിച്ചു. കഴിഞ്ഞദിവസം സയൻസ് സിറ്റിയിൽ നടന്ന ഉന്നതല ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായും, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവുമായും ജോസ് കെ മാണി ചർച്ച നടത്തിയിരുന്നു. ആദ്യഘട്ടമായ സയൻസ് സെന്ററാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനോപകാരപ്രദമായ സയൻസ് ഗ്യാലറികൾ, സയൻസ് പാർക്ക്, ആക്ടിവിറ്റി സെന്റർ തുടങ്ങിയ ഉൾക്കൊള്ളുന്ന സയൻസ് സെന്റർ, ഫുഡ് കോർട്ട്, വാനനിരീക്ഷണകേന്ദ്രം, ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ, കോബൗണ്ട് വാൾ, ഗേറ്റുകൾ, റോഡിന്റെയും ഓടയുടെയും നിർമ്മാണം, വാട്ടർ ടാങ്ക്, തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായിരിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് സ്‌പേസ് തിയേറ്റർ, മോഷൻ സ്റ്റിമുലേറ്റർ തുടങ്ങിയ സംവിധാനങ്ങൾ ഒരുങ്ങുന്നത്. എൻട്രി പ്ലാസ, ആംഫി തിയേറ്റർ ,റിംഗ് റോഡ്, പാർക്കിംഗ് തുടങ്ങിയവയും അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിട്ടുണ്ട്.