'ജിബിയു"വിലും എക്‌സിലും ഇളക്കിമറിച്ച് പ്രിയവാര്യർ
അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ളി സിനിമയിലൂടെ തമിഴ് പ്രേക്ഷകരുടെ മനസ് കീഴടക്കി പ്രിയ വാര്യർ. 'ജിബിയു'വിൽ പ്രിയ വാര്യർ അഭിനയിക്കുന്നുണ്ടെന്ന വിവരം സിനിമ കാണുമ്പോഴാണ് പ്രേക്ഷകർ അറിയുന്നത്.
അജിത്തിനോട് ഉണ്ടായിരുന്ന ആരാധന ഒരു കുറിപ്പായി പ്രിയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
''എവിടെയാണ് പറഞ്ഞുതുടങ്ങേണ്ടത്? ഇത് ഞാൻ വളരെക്കാലമായി മനസിൽ അടക്കിവച്ചിരുന്ന കാര്യമാണ്. ഞാൻ എന്തെഴുതിയാലും എനിക്ക് നിങ്ങളോട് ഉള്ള ആരാധന പ്രകടിപ്പിക്കാൻ അതൊന്നും പര്യാപ്തമാകില്ല സാർ. ആദ്യമായി സംസാരിച്ചതുമുതൽ ഷൂട്ടിന്റെ അവസാന ദിവസം വരെ ഞാൻ എന്നൊരു വ്യക്തി ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്ന് അങ്ങ് ഓരോ നിമിഷവും എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. സെറ്റിൽ ആരും അവഗണിക്കപ്പെടുന്നില്ലെന്ന് അങ്ങ് എപ്പോഴും ഉറപ്പാക്കിക്കൊണ്ടിരുന്നു. സെറ്റിൽ ഉള്ളപ്പോഴെല്ലാം ഞങ്ങൾ ഓരോരുത്തരുടെയും ക്ഷേമം അന്വേഷിക്കാൻ അങ്ങ് കൂടുതൽ സമയം കണ്ടെത്തി. ഇതുവരെയുള്ള എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം വൺ ആൻഡ് ഒൺലി അജിത് സാറിനൊപ്പം ആ ഗാനരംഗങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ്. 'തൊട്ടുതൊട്ടു" എന്നത് അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമായി മാറുകയാണ്. വീണ്ടും വീണ്ടും അങ്ങയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് സ്നേഹബഹുമാനങ്ങളോടെ അങ്ങയുടെ ഒരു കടുത്ത ആരാധിക" പ്രിയവാര്യർ കുറിച്ചു.
പ്രിയ വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഗുഡ് ബാഡ് അഗ്ളി. ധനുഷ് സംവിധാനം ചെയ്ത നിലാവുക്കു എൻ മേൽ എന്നടി കോപം ആണ് അരങ്ങേറ്റ ചിത്രം.