വിഷുവിന് ശേഷവും മേജർ റിലീസ്

Saturday 12 April 2025 6:19 AM IST

വിഷു ചിത്രങ്ങൾക്ക് പിന്നാലെയും മേജർ റിലീസ്. മോഹൻലാൽ നായകനായി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന തുടരും ഏപ്രിൽ 25ന് തിയേറ്ററിൽ. മോഹൻലാൽ - ശോഭന കോംബോ ഇടവേളയ്ക്കുശേഷം ഒരുമിക്കുന്ന തുടരും വലിയ പ്രതീക്ഷ നൽകുന്നു. സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മണിയൻപിള്ള രാജു, ഇർഷാദ്, തോമസ് മാത്യു, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, കൃഷ്ണപ്രഭ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം. ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് പദ്‌മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി അടുത്ത ആഴ്ച റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. വിവാഹം കഴിഞ്ഞശേഷം സഹദേവൻ നേരിടുന്ന പ്രശ്നങ്ങളാണ് ആഭ്യന്തര കുറ്റവാളിയുടെ പ്രമേയം. പുതുമുഖം തുളസിയും ശ്രേയ രുക്‌മിണിയുമാണ് നായികമാർ. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, റിനി ഉദയകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നൈസാം സലാം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർമ്മാണം.