അടിച്ചു വളർത്താത്ത മക്കളും,​ കിളയ്ക്കാത്ത ഭൂമിയും...

Saturday 12 April 2025 4:39 AM IST

കുട്ടികളെ അഞ്ചു വർഷം ലാളിച്ചു വളർത്തണം, പത്തുവർഷം അടിച്ചു വളർത്തണം, പതിനാറു വയസായാൽ പുത്രനോ പുത്രിയോ ആവട്ടെ,​ അവരെ സുഹൃത്തിനെപ്പോലെ കാണണം എന്ന് മഹാഭാരതം പറയുന്നു (ലാളയേത് പഞ്ചവർഷാണി/ ദശവർഷാണി താഡയേത്/ പ്രാപ്‌തേ തു ഷോഡശേ വർഷേ/ പുത്രം മിത്രവദാചരേത്). ഇന്നത്തെ കുട്ടികൾക്ക് ആരെയും പേടിയില്ല. അടിക്കാൻ പാടില്ലല്ലോ! അടിച്ചു വളർത്താത്ത മക്കളും കിളയ്ക്കാത്ത ഭൂമിയും പട്ടുപോകുമെന്നാണ്. അച്ഛനമ്മമാരേയോ അദ്ധ്യാപകരേയോ വിദ്യാർത്ഥികൾക്ക് യാതൊരു ഭയവും ഇല്ലാതായിരിക്കുന്നു. മൂല്യബോധം വളർത്താത്ത വിദ്യാഭ്യാസവും സർവസ്വാതന്ത്ര്യം എന്ന ബാലാവകാശ സംരക്ഷണവും കുറ്റവാളിയെ രക്ഷിക്കുന്ന രാഷ്ട്രീയ അരാജകത്വവും കൂടിയാകുബോൾ ചൊട്ടയിലെ അധമവാസനകൾ വളർന്നു പന്തലിച്ച് ക്രിമിനലായി ചുടലവരെ തുടരാനുള്ള സാഹചര്യം ഉണ്ടാവുന്നു.

ശ്രീനാരായണ ഗുരുദേവൻ പറയുന്നു: 'അഞ്ചു വയസുവരെ ശിശുവിനെ ദേവനെപ്പോലെ വളർത്തണം പരിചരണത്തിലും ബുദ്ധി സംസ്‌കാരത്തിലും മാതാവു തന്നെ സ്വയം ചുമതല വഹിക്കണം." പരസ്പരം സ്‌നേഹവും ബഹുമാനവുമുള്ള കുലീനരായ അച്ഛനമ്മമാരുടെ ശാന്തമായ ജീവിതത്തിലെ സൗരഭ്യമുള്ള പ്രസൂനങ്ങളാണ് നല്ല മക്കൾ. സാമൂഹ്യദ്രോഹികളായ ഛിദ്രശക്തികളാൽ മയക്കുമരുന്ന് വ്യാപകമാവുകയും പൊലീസും നിയമവും കാഴ്ചക്കാരവുകയും ചെയ്തപ്പോൾ വിദ്യാർത്ഥികളിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു. അവരിൽ മതിഭ്രമം സംഭവിക്കുകയും സ്വയം നശിക്കുകയും ചെയ്തു തുടങ്ങി. എന്നാൽ അച്ഛനമ്മമാർ ഇതറിയുന്നില്ല.

പണ്ടത്തെ അദ്ധ്യാപകരെപ്പോലെ വിദ്യാർത്ഥിയിൽ മൂല്യബോധം വളർത്താനറിയാത്ത പുത്തൻ സാറന്മാരും, വിദ്യാർത്ഥി രാഷ്ട്രീയവും, സ്വാതന്ത്ര്യ സംരക്ഷണവുമെല്ലാം ചേർന്ന് കുട്ടികളെ അകം ശൂന്യമായ വെറും ജീവച്ഛവങ്ങളാക്കിയിരിക്കുന്നു. വിദ്യാഭ്യാസം എന്നത് സിലബസ് പഠിപ്പിക്കൽ മാത്രമായി മാറിയിരിക്കുന്നു. ലഹരിയിൽ, പീഡനത്തിൽ, റാഗിംഗിൽ, കൊലപാതകത്തിൽ... മുങ്ങിയിരിക്കുകയാണ് കേരളം.

മൃഗങ്ങളുടെ ഉള്ളിൽ സ്വാഭാവികമായ വന്യതയുണ്ട്. അത് ഭക്ഷണത്തിനായി വേട്ടയാടുമ്പോൾ മാത്രം പ്രകടമാകും. എന്നാൽ മനുഷ്യനിലെ സ്വഭാവികമായ മാനുഷികത പ്രകാശിപ്പിക്കപ്പെടുന്നില്ല. ഭക്ഷണവും സാഹചര്യങ്ങളും കൂട്ടുകെട്ടും ശുചിത്വമില്ലാത്ത വിദ്യാലയാന്തരീക്ഷവുമാണ് അവനിലെ മൃഗീയതയെ വളർത്തുന്നത്.

ഒരു മത,​ ദൈവങ്ങൾക്കും സ്വർഗ, നരക ഭയപ്പെടുത്തലുകൾക്കും മനുഷ്യനിലെ അക്രമവാസനയെ ഇല്ലാതാക്കാനാവില്ല. സഹപാഠികളെ സാഹോദര്യബുദ്ധ്യാ സ്‌നേഹിക്കുന്നതിനു പകരം കൂട്ടംചേർന്ന് തല്ലിക്കൊല്ലുന്ന മനോരോഗികളായി മാറിയിരിക്കുന്നു,​ വിദ്യാർത്ഥികളും യുവതലമുറയും. പുതിയ സിനിമകൾ മാത്രമല്ല,​ അനാവശ്യ സ്വാതന്ത്ര്യവും അമിതമായ നിയമസംരക്ഷണവും രാഷ്ട്രീയ ഇടപെടലുകളുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. വിശപ്പടക്കാൻ അല്പം റൊട്ടി മോഷ്ടിച്ച മധുവിനെ തല്ലിക്കൊന്നപ്പോൾ മുതൽ ഈ അരാജകത്വം നാം തിരിച്ചറിഞ്ഞുതുടങ്ങി.

മതങ്ങൾക്കും ദൈവത്തിനും മനുഷ്യനിലെ അക്രമവാസനയെ നശിപ്പിക്കാനാവില്ല. അവനവന്റെ ഉള്ളിലെ നന്മയാകുന്ന ദൈവത്തിൽ നിന്ന് അകന്ന് സ്വർഗത്തിലും വിഗ്രഹങ്ങളിലും ഇരിക്കുന്ന ദൈവത്തിനു വേണ്ടി കോടികൾ മുടക്കുകയും ദൈവപ്രീതിക്കായി മിണ്ടാപ്രാണികളെ ബലി കൊടുക്കുകയും ചെയ്യുന്ന മനുഷ്യന് കാലം കൊടുക്കുന്ന ശിക്ഷയാണിത്. നമ്മുടെ അച്ഛനമ്മമാരും അദ്ധ്യാപകരും അദ്ധ്യാപക- രക്ഷകർതൃസമിതികളും പഞ്ചായത്തും വിവിധ സംഘടനകളും ഒത്തൊരുമിച്ച് ജാഗ്രതയോടെ പ്രവർത്തിച്ചാൽ ഇനിയുള്ള മക്കളെയെങ്കിലും രക്ഷപ്പെടുത്താം. ഈ മക്കളെല്ലാം നല്ലവരാണ്. ഇവരെ ഇങ്ങനെയാക്കുന്നത് സാഹചര്യമാണ്. ഏതു കുറ്റത്തിനും ശിക്ഷ ഉറപ്പാക്കുകയും യാതൊരുവിധ രാഷ്ടീയ ഇടപെടലുമില്ലാതെ നീതിപൂർവകമായ അന്വേഷണവും ശിക്ഷയും ഉണ്ടാവുകയും ചെയ്താൽ ഒരു പരിധിവരെ വിദ്യാർത്ഥികളെയും യുവാക്കളെയും രക്ഷിക്കാനാവും.

(ശിവഗിരിമഠത്തിനു കീഴിലെ എറണാകുളം ശ്രീശങ്കരാനന്ദാശ്രമം സെക്രട്ടറിയാണ് ലേഖകൻ. ഫോൺ: 94468 66831)