വാ പിളർന്ന് വീണ്ടും ഓൺലൈൻ കെണികൾ; കുറയാതെ നഷ്ടക്കണക്ക്
കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് കെണിയൊരുക്കി സൈബർ തട്ടിപ്പുകാർ സജീവം. പൊലീസിന്റെയും മാദ്ധ്യമങ്ങളുടെയും ബോധവത്കരണത്തെ തുടർന്ന് ഇടക്കാലത്ത് പിൻവലിഞ്ഞിരുന്ന സംഘം വീണ്ടും ചുവടുറപ്പിക്കുകയാണ്. കണ്ണൂരിൽ കഴിഞ്ഞ ദിവസം മാത്രം നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈൻ ലോണിന് അപേക്ഷിച്ച കൊളവല്ലൂർ സ്വദേശിക്ക് 14,404 രൂപ നഷ്ടപ്പെട്ടു. വിവിധ ചാർജുകളുടെ പേരിൽ പരാതിക്കാരന്റെ കൈയിൽ നിന്നും പണം വാങ്ങി ചതിച്ചുവെന്നാണ് ഈയാൾ പൊലീസിന് നൽകിയ പരാതി. പാർട്ട് ടൈം ജോലി(ഗൂഗിൾ റിവ്യൂ) ചെയ്യുന്നതിനായി ടാസ്‌കുകൾക്ക് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകിയ കണ്ണൂർ സിറ്റി സ്വദേശിക്ക് കഴിഞ്ഞ ദിവസം 36,560 രൂപ നഷ്ടപ്പെട്ടു.ഓൺലൈൻ ട്രാൻസാക്ഷൻ ആക്ടിവേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി നൽകിയ ഒ.ടി.പി വഴി കൂത്തുപറമ്പ് സ്വദേശിയ്ക്ക് 19999 രൂപ നഷ്ടപ്പെട്ടു. മേലേചൊവ്വ സ്വദേശിയുടെ ക്രെഡിറ്റ് കാർഡിൽ നിന്നും 1,07,257 രൂപ നഷ്ടപ്പെട്ട പരാതിയാണ് മറ്റൊന്ന്.
ട്രാഫിക് ലംഘനത്തിന്റെ പേരിലും ട്രാഫിക് നിയമം ലംഘിച്ചതായുള്ള മെസേജിന്റെ പേരിൽ നടത്തിയ പരിശോധനയിൽ അക്കൗണ്ടിലുണ്ടായിരുന്ന 22,000 രൂപ നഷ്ടപ്പെട്ടതായുള്ള മട്ടന്നൂർ സ്വദേശിയുടെ പരാതിയും ഓൺലൈൻ തട്ടിപ്പിന്റെ തുടർച്ചയാണ്.പരാതിക്കാരനെ ബാങ്ക് ക്രെഡിറ്റ് കാർഡിൽ നിന്നെന്ന വ്യാജേന വിളിച്ച് സർവീസ് ചാർജ്ജ് ഒഴിവാക്കിതരാനെന്ന് പറഞ്ഞ് 17,500 രൂപ തട്ടിയതായി കാണിച്ച് വളപട്ടണം സ്വദേശിയും പരാതി നൽകിയിട്ടുണ്ട്. പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ ടാസ്‌കുകൾക്കായി 10,560 രൂപ നൽകിയ കൂത്തുപറമ്പ് സ്വദേശിനിയും കബളിപ്പിക്കപ്പെട്ടു. ട്രെയിൻ യാത്രക്കിടെ സഹയാത്രികൻ ഫോൺപേ വഴി തന്റെ 4000 രൂപ കവർന്നതായി ചാലാട് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയും പരാതിപ്പെട്ടു.
തട്ടിപ്പ് തടയാൻ പൊലീസ് ഓൺലൈനിലെ തട്ടിപ്പ് തടയാൻ മൂന്ന് പദ്ധതികളുമായി തയ്യാറായിരിക്കുകയാണ് സൈബർ പൊലീസ്
വാട്സാപ് ചാറ്റ്‌ബോട്ട്
എം.എം.എസ്, ഇമെയിൽ, പരസ്യങ്ങൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ എത്തുന്ന ലിങ്കുകൾ സംശയകരമെന്നു തോന്നിയാൽ തട്ടിപ്പുണ്ടോ എന്നു കണ്ടെത്താനുള്ള വാട്സാപ് ചാറ്റ്‌ബോട്ട് ഈ വർഷം തുടക്കത്തിൽതന്നെ സൈബർ പൊലീസ് പുറത്തിറക്കും.ഇതിൽ ചുവപ്പ്, ഓറഞ്ച് സിഗ്നൽ ലഭിച്ചാൽ 1930 എന്ന നമ്പറിലേക്കു വിളിക്കണം.
അക്കൗണ്ട് സ്‌കോറിംഗ്
തട്ടിപ്പുകാർ സാധരണ നിലയി കുറഞ്ഞ കാലത്തേക്ക് മാത്രമാണ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്. സമീപകാലത്തു മാത്രം തുടങ്ങിയതും കെ.വൈ.സി ശക്തമല്ലാത്തതുമായ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി കുറഞ്ഞ സ്‌കോർ നൽകും.ഇത്തരം അക്കൗണ്ടുകളിലേക്കു പണം കൈമാറുമ്പോൾ മുന്നറിയിപ്പു നൽകുന്ന സംവിധാനം നടപ്പാക്കും.
ഡിവൈസ് വൈറ്റ്ലിസ്റ്റിംഗ്
ബാങ്ക് അക്കൗണ്ടുകളിലേക്കു ലോഗിൻ ചെയ്യാൻ പതിവായി ഉപയോഗിക്കാത്ത ഉപകരണങ്ങൾ (വൈറ്റ്ലിസ്റ്റ്) ഉപയോഗിച്ചാൽ നോട്ടിഫിക്കേഷൻ എത്തുന്ന സംവിധാനവും നടപ്പാക്കാൻ റിസർവ് ബാങ്കുമായി സൈബർ പൊലീസ് ധാരണയിലെത്തിയിട്ടുണ്ട്.