മാസപ്പടിക്കേസ് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന,​ സ്വർണക്കടത്ത് പോലെ ഇതും ആവിയായി പോകുമെന്ന് എം വി ഗോവിന്ദൻ

Friday 11 April 2025 9:54 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ ഉയർത്തിയ സ്വർണ്ണക്കടത്ത് ആരോപണം പോലെ വീണയ്‌ക്കെതിരായ കേസും ആവിയാകുമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കോടിയേരിയുടെ മകന്റെ കേസും എസ്.എഫ്.ഐ.ഒ കേസും തമ്മിൽ താരതമ്യമില്ല. മകന്റെ കേസിൽ കോടിയേരിയുടെ പേരില്ല. എന്നാൽ എസ്എഫ്‌ഐ.ഒ കേസ് മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് വരുന്നതാണ്.രണ്ടും തമ്മിൽ ഒരു താരതമ്യവുമില്ല.ഇത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ്.അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറ‌ഞ്ഞു. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് എല്ലാം പരിശോധിച്ച് പ്രോസിക്യൂഷൻ ഒഴിവാക്കിയ കേസാണിത്. അവിടെ തീരേണ്ടതാണ്. സാധാരണ കേസുകളിൽ,ബന്ധപെട്ടവരോട് വിശദീകരണം തേടാറുണ്ട്. ഇവിടെ അതുണ്ടായിട്ടില്ല.രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പി സി ജോർജും മകനും ബിജെപിയിൽ ചേർന്ന ദിവസമാണ് എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കുന്നത്. അത്രയ്ക്ക് നഗ്നമായ രാഷ്ട്രീയ ഇടപെടൽ നടത്തിക്കൊണ്ടാണ് ഈ കേസിന് ആയുസ് നീട്ടിക്കൊടുക്കുന്നതിനുള്ള ഇടപെടൽ ഉണ്ടായത്. കേന്ദ്ര സർക്കാരും ബിജെപിയിലേക്ക് ചേർന്ന ഈ പുത്തൻകൂറ്റുകാരും, മാത്യു കുഴൽനാടൻ എംഎൽഎയുമെല്ലാം നിരവധി കോടതികളിൽ കേസ് നൽകി. മൂന്ന് വിജിലൻസ് കോടതികളും ഈ കേസ് തള്ളി. ഇവർ ഹൈക്കോടതിയിൽ അപ്പീൽ പോയി. അവിടെയും പൂർണമായും നിരാകരിക്കപ്പെട്ടു. എന്നിട്ടും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ഗൂഢതാൽപര്യങ്ങളാണ്.എസ്എഫ്‌ഐഒ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലാണ്. അപ്പോൾ ധൃതി പിടിച്ച് കേസിലേക്ക് പേകേണ്ട കാര്യമില്ലായിരുന്നു.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിത്. കേരളത്തിൽ പുതിയ ബിജെപി പ്രസിഡന്റ് കൂടി വന്ന ഘട്ടത്തിലാണ് മാദ്ധ്യമങ്ങൾ കൂടി ചേർന്ന് കേസ് പൊലിപ്പിച്ചെടുക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.