ബെള്ളിഗെയിൽ കാർ ഉപേക്ഷിച്ച് കടന്നത് അന്തർസംസ്ഥാന കവർച്ചാസംഘം കാസർകോട്ടെത്തിയത് ബംഗളൂരുവിലെ കവർച്ചയ്ക്ക് ശേഷം
കാസർകോട് : ബുധനാഴ്ച പുലർച്ചെ എക്സൈസ് പിന്തുടരുന്നതിനിടെ ബെള്ളിഗെയിൽ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടവരെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. ബെംഗളൂരുവിൽ ചൊവ്വാഴ്ച കവർച്ച നടത്തിയ അന്തർസംസ്ഥാന കവർച്ചാസംഘമാണ് എക്സൈസിന് മുന്നിൽപെട്ടതിനെ തുടർന്ന് കാറും മോഷണമുതലും ഉപേക്ഷിച്ച രക്ഷപ്പെട്ടതെന്നാണ് ആദൂർ പൊലീസിന് ലഭിച്ച വിവരം.
ആദൂർ പൊലീസ് ലിമിറ്റിൽ വരുന്ന ബെള്ളിഗെയിൽ ബുധനാഴ്ച പുലർച്ചെയാണ് കാർ ഉപേക്ഷിച്ച് ഒരു സംഘം ഓടി രക്ഷപ്പെട്ടത്. കാറിനകത്ത് നിന്ന് 140.6 ഗ്രാം സ്വർണ്ണം, 339.2 ഗ്രാം വെള്ളി ആഭരണങ്ങളും ഒരു ലക്ഷത്തിലധികം രൂപയും കണ്ടെത്തിയിരുന്നു. ചുറ്റിക, തകർന്ന പൂട്ട്, ചങ്ങല, നാല് മൊബൈൽഫോണുകൾ, നാല് ആധാർ കാർഡുകൾ എന്നിവയും കാറിൽ നിന്ന് എക്സൈസിന് ലഭിച്ചു. ആദൂരിൽ എക്സൈസ് സംഘം കൈ കാണിച്ചിട്ടും നിർത്താതെ അമിതവേഗതയിൽ പോയ കാർ ബെള്ളിഗെയിൽ കോൺക്രീറ്റ് ഭിത്തിയിലിടിച്ചാണ് നിന്നത്. ഇരുട്ടായിരുന്നതിനാൽ എത്ര പേരാണ് കാറിൽ നിന്നും ഇറങ്ങിയോടിയതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.
കാറിൽ നിന്ന് നാല് മൊബൈൽ ഫോണുകളും അത്ര തന്നെ ആധാർ കാർഡുകളും കണ്ടെടുത്തതിനാൽ നാലുപേർ ഉണ്ടായിരിക്കാനാണ് സാദ്ധ്യതയെന്നാണ് പൊലീസിന്റെ സംശയം. എക്സൈസ് കാറും മോഷണവസ്തുക്കളും പണവും ആയുധങ്ങളും എക്സൈസ് ആദൂർ പൊലീസിന് കൈമാറിയിരുന്നു.
രാജ്യവ്യാപക കവർച്ച നടത്തുന്ന സംഘം
രേഖകൾ പരിശോധിച്ച പൊലീസിന് ലഭിച്ച തെളിവുകൾ വച്ച് സംഘം മഹാരാഷ്ട്ര, കർണ്ണാടക, ദൽഹി തുടങ്ങി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുന്നവരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ബംഗളൂരു ജെ.പി നഗറിൽ ചൊവ്വാഴ്ച കവർച്ച നടത്തിയ ശേഷം സംഘം കാറിൽ കാസർകോട്ടെത്തിയതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വാഹനത്തിൽ ഉപേക്ഷിച്ചതിലും കൂടുതൽ കവർച്ചാവസ്തുക്കൾ മോഷണസംഘം രക്ഷപ്പെട്ടുപോകുമ്പോൾ എടുത്തിട്ടുണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഘത്തെ കണ്ടെത്തുന്നതിനായി അയൽസംസ്ഥാനങ്ങളിലെ പൊലീസുമായും ആദൂർ പൊലീസ് ബന്ധപ്പെടുന്നുണ്ട്.