റാണയെ ചോദ്യംചെയ്യുന്നു, മുംബയ് ആക്രമണത്തിന്റെ ചുരുളഴിക്കാൻ എൻ.ഐ.എ

Saturday 12 April 2025 4:27 AM IST

ന്യൂഡൽഹി:മുംബയ്ഭീകരാക്രമണത്തിലെ ഗൂഢാലോചനയുടെ നേർചിത്രം അതിന്റെ സൂത്രധാരൻ തഹാവൂർ റാണയിൽ നിന്ന് അറിയാനായി ചോദ്യം ചെയ്യൽ തുടരുന്നു. യു.എസിൽ നിന്ന് വ്യാഴാഴ്ച എത്തിച്ച റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ) ആസ്ഥാനത്ത് പ്രത്യേക സെല്ലിൽ പാർപ്പിച്ചാണ് ചോദ്യം ചെയ്യുന്നത്. എൻ.ഐ.എ ആസ്ഥാനം സ്ഥിതിചെയ്യുന്ന സി.ജി.ഒ കോംപ്ളക്സും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്.

ഇന്നലെ രാവിലെ 11 മണിക്കാണ് ആദ്യ റൗണ്ട് ചോദ്യം ചെയ്യൽ തുടങ്ങിയത്. 26/11 മുംബയ് ആക്രമണം ആസൂത്രണം ചെയ്തതിൽ റാണയുടെ പങ്ക്, ഭീകര സംഘടന ലഷ്‌കർ-ഇ-തയ്ബ, പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐ.എസ്‌.ഐ എന്നിവയുമായുള്ള ബന്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ആദ്യഘട്ടത്തിലെ ചോദ്യംചെയ്യൽ. റാണയുടെ ജീവിതത്തിന്റെ സമഗ്ര വിവരം, പാകിസ്ഥാനിലെ ബന്ധങ്ങൾ, ധനസഹായത്തിന്റെ ഉറവിടം എന്നിവയിലേക്ക് വെളിച്ചം വീശുന്ന ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ പാട്യാലാ കോടതിയിലെ ജഡ്ജി ചന്ദർ ജിത് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പ്രത്യേക എൻ‌.ഐ‌.എ ബെഞ്ചാണ് റാണയെ 18 ദിവസത്തേക്ക് എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടത്. റാണയ്‌ക്ക് വേണ്ടി ഡൽഹി ലീഗൽ സർവീസസ് അതോറിറ്റി വഴി ഏർപ്പാടാക്കിയ അഭിഭാഷകൻ പിയൂഷ് സച്ച്ദേവ ഹാജരായി.രഹസ്യാന്വേഷണ ഏജൻസികൾ അടക്കം എട്ട് ഏജൻസികളും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ അനുമതി തേടിയിട്ടുണ്ട്.

റാണയുടെ സെല്ലിൽ

പ്രവേശനം 12 പേർക്ക്

# എൻ.ഐ.എ ആസ്ഥാനത്തെ താഴത്തെ നിലയിൽ ഉയർന്ന സുരക്ഷയുള്ള സെല്ലിലാണ് തഹാവൂർ റാണയെ പാർപ്പിച്ചിരിക്കുന്നത്. വലിയൊരു കിടപ്പുമുറിയുടെ വലിപ്പമുള്ള (14x14 അടി നീളവും വീതിയും) സെല്ലിൽ റാണയെ സർവനേരവും നിരീക്ഷിക്കാൻ സി.സി.ടി.വി ക്യാമറകളുണ്ട്. പലതലങ്ങളിലായി ഡിജിറ്റൽ സുരക്ഷയുമുണ്ട്.ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗവും ആസ്ഥാനത്തിന് ചുറ്റും കാവലുണ്ട്.

# റാണയെ യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച ജാർഖണ്ഡ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥ ജയ റോയിയുടെ നേതൃത്വത്തിൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള 12 എൻ.ഐ.എ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്. ഇവർക്ക് മാത്രമേ സെല്ലിലേക്ക് പ്രവേശനാനുമതിയുള്ളൂ. രണ്ട് വീഡിയോ ക്യാമറയിൽ റെക്കാഡ് ചെയ്യുന്ന ചോദ്യം ചെയ്യലിന്റെ ദൈനംദിന റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് അയയ്ക്കും.

# കിടക്ക, കുളിമുറി, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയതിനാൽ റാണയെ പുറത്തേക്ക് ഇറക്കേണ്ട ആവശ്യം വരുന്നില്ല. ആസ്ത്മ, പാർക്കിൻസൺസ് രോഗം, ഹൃദ്രോഗം, മൂത്രാശയ കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ തുടർച്ചയായി ചോദ്യം ചെയ്യില്ല. 48 മണിക്കൂർ ഇടവിട്ട് മെഡിക്കൽ പരിശോധന നടത്തും.