മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രം വിചാരണക്കോടതി അംഗീകരിച്ചു

Saturday 12 April 2025 1:56 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ടി.വീണ പ്രതിയായ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) സമർപ്പിച്ച കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചു. പ്രതിസ്ഥാനത്തുള്ളവർക്ക് കേസ് പരിഗണിക്കുന്ന എറണാകുളം അഡിഷണൽ സെഷൻസ് കോടതി ഇനി​ നോട്ടീസ് അയയ്ക്കും.

പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നാണ് വിലയിരുത്തൽ. കുറ്റപത്രത്തിലെ കണ്ടെത്തലുകൾ എതിർകക്ഷി​കൾക്ക് കോടതിയിൽ ചോദ്യം ചെയ്യാം. വീണയും സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ കർത്തയും ഉൾപ്പെടെ13 പേരാണ് പ്രതികൾ. കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടു എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇ.ഡിയും ഉടൻ അന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന.