കൊവിഡ് രോഗിക്ക് പീഡനം: പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ട: കൊവിഡ് രോഗിയായ ഇരുപതുകാരിയെ ആംബുലൻസിൽ പീഡിപ്പിച്ച പ്രതിയ്ക്ക് ജീവപര്യന്തവും 16 വർഷം കഠിന തടവും. 108 ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനക്കച്ചിറ വീട്ടിൽ നൗഫലിനെയാണ് (34) ശിക്ഷിച്ചത്.
2,12,000 രൂപ പിഴയുമടയ്ക്കണം. ഇതിൽ 2 ലക്ഷം രൂപ ഇരയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ 16 മാസത്തെ അധികകഠിന തടവ് കൂടി അനുഭവിക്കണം.
പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എൻ. ഹരികുമാർ ശിക്ഷിച്ച വിധിച്ചത്.
കൊട്ടാരക്കര ജയിൽ നിന്നാണ് പ്രതിയെ കോടതിയിലെത്തിച്ചത്. പ്രതിയുടെ മാതാപിതാക്കളും ബന്ധുക്കളും കോടതിയിലുമെത്തിയിരുന്നു. ഇരയും ബന്ധുക്കളും എത്തിയില്ല. 2020 സെപ്തംബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം. അടൂർ വടക്കടത്തുകാവിലുള്ള ബന്ധുവിന്റെ വീട്ടിലാരുന്ന യുവതിയും അയൽവാസിയായ വീട്ടമ്മയും രാത്രി 11.30നാണ് കൊവിഡ് ചികിത്സയ്ക്കായി ആംബുലൻസിൽ കയറിയത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ യുവതിയേയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വീട്ടമ്മയേയും എത്തിക്കാനായിരുന്നു നിർദ്ദേശം.
യുവതിയെ പന്തളത്തിറക്കിയശേഷം വീട്ടമ്മയുമായി കോഴഞ്ചേരി സെന്ററിലേക്ക് പോവുകയായിരുന്നു എളുപ്പമാർഗം. എന്നാൽ വീട്ടമ്മയെ കോഴഞ്ചേരിയിലെത്തിച്ച ശേഷം യുവതിയെ ആറൻമുളയിലെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അവശനിലയിലായ യുവതിയെ പന്തളത്തെ ആശുപത്രിയിൽ ഇറക്കിവിട്ട ശേഷം നൗഫൽ അടൂരിലേക്ക് പോയി. പെൺകുട്ടിയുടെ അവശത കണ്ട ആശുപത്രി അധികൃതർ ചോദിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്.