അണ്ണാ ഡി.എം.കെ വീണ്ടും എൻ.ഡി.എയിൽ

Saturday 12 April 2025 1:15 AM IST

ചെന്നൈ: തമിഴ്നാട് ബി.ജെ.പിയുടെ അദ്ധ്യക്ഷസ്ഥാനത്തു നിന്നു കെ.അണ്ണാമലൈ ഒഴിഞ്ഞതോടെ അണ്ണാ ‌ഡി.എം.കെ എൻ.ഡി.എയിലേക്ക് മടങ്ങിയെത്തി. ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവും തിരുനൽവേലി എം.എൽ.എയുമായ നൈനാർ നാഗേന്ദ്രനാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയെയും അണ്ണമലൈയെയും ഇരുവശത്തുമായി ഇരുത്തിയായിരുന്നു ഷായുടെ പ്രഖ്യാപനം.

അദ്ധ്യക്ഷ പദവിയിൽ അണ്ണാമലൈയുടെ കാലാവധി പൂർത്തിയായിരുന്നു.അണ്ണാമലൈയുമായി ഇടഞ്ഞാണ് അണ്ണാ ഡി.എം.കെ എൻ.ഡി.എ വിട്ടത്. ദ്രാവിഡ നേതാക്കൾക്കെതിരെയുള്ള അണ്ണാമലൈയുടെ ചില പരാമർശങ്ങളായിരുന്നു വേർപിരിയലിന് നിമിത്തമായ അവസാന കാരണം.

തമിഴ് നാട്ടിൽ സഖ്യമില്ലാതെ പാർട്ടിക്ക് വേരോട്ടമുണ്ടാകില്ലെന്ന് മനസിലാക്കിയ ബി.ജെ. പി കേന്ദ്രനേതൃത്വം അണ്ണാമലൈയെ മാറ്റാൻ തയ്യാറാവുകയായിരുന്നു.കേന്ദ്ര നേതൃത്വത്തിന് പ്രിയങ്കരനായ അദ്ദേഹത്തെ അടുത്ത പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയാക്കാൻ ധാരണയായിട്ടുണ്ട്. ആഭ്യന്തരവകുപ്പ് സഹമന്ത്രിസ്ഥാനം മുൻ ഐ.പി.എസുകാരനായ അണ്ണാമലൈയ്ക്കു ലഭിച്ചേക്കും.

നിയമസഭാ തിരഞ്ഞെടുപ്പുകൾ എൻ.ഡി.എ നേരിടുന്നത് ദേശീയതലത്തിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുമായിരിക്കുമെന്ന് അമിത്ഷാ ഇന്നലെ സംയുക്ത വാ‌ർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

16 ദിവസത്തിനുള്ളിൽ പ്രഖ്യാപനം

കഴിഞ്ഞ മാസം 26നാണ് എടപ്പാടി പളനിസാമി അമിത്ഷായുമായി ഡൽഹിയിൽ ച‌ർച്ച നടത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി അണ്ണാമലൈ തുടരാതിരുന്നാൽ സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചു. വിജയയുടെ ടി.വി.കെയുടെ വരവോടെ സർക്കാ‌ർ വിരുദ്ധ വോട്ടുകൾ കിട്ടില്ലെന്ന ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലും കൂടിയായപ്പോൾ അണ്ണാ ഡി.എം.കെയുടെ റീ എൻട്രിക്ക് അവസരമൊരുങ്ങി. രണ്ട് നാൾ കഴിഞ്ഞ് അണ്ണാമലൈയെ വിളിച്ചുവരുത്തി ഷാ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു.

'പുതിയ സഖ്യവ്യവസ്ഥകളുടെ ആവശ്യമില്ല. 1998 മുതൽ എൻ.ഡി.എയുടെ ഭാഗമാണ് അണ്ണാ ഡി.എം.കെ. പ്രധാനമന്ത്രി മോദിയും മുൻ മുഖ്യമന്ത്രി ജെ.ജയലളിതയും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നതാണ്".

- അമിത്ഷാ