മോദി വാരാണസിയിൽ, 3,880 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം
ന്യൂഡൽഹി: തന്റെ മണ്ഡലമായ വാരാണസിയിൽ 3,880 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശിയിൽ വരുന്നവരെല്ലാം അടിസ്ഥാനസൗകര്യങ്ങളെയും മറ്റു സൗകര്യങ്ങളെയും പ്രശംസിക്കുന്നുവെന്നും 10 വർഷത്തിനിടെ ബനാറസിന്റെ വികസനത്തിനു പുതിയ ഗതിവേഗം കൈവന്നുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതികളിൽ ഗംഗാ നദിയിലെ സാംനെ ഘട്ട്,ശാസ്ത്രി ഘട്ട് എന്നിവയുടെ പുനർവികസനവും ഉൾപ്പെടുന്നു. ബനാറസ് നഗരത്തെയും സാരാനാഥിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണവും അദ്ദേഹം പ്രഖ്യാപിച്ചു. ഇതുവഴി മറ്റ് ജില്ലകളിൽ നിന്നും നഗരത്തിൽ പ്രവേശിക്കാതെ സാരാനാഥിലെത്താം. തബല,പെയിന്റിംഗ്,തണ്ടായി,തിരംഗ ബർഫി എന്നിവയുൾപ്പെടെ വിവിധ പ്രാദേശിക ഇനങ്ങൾക്കും ഉത്പന്നങ്ങൾക്കും പ്രധാനമന്ത്രി ഭൗമ സൂചികാ (ജി.ഐ) സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ബനാസ് ഡയറിയുമായി ബന്ധപ്പെട്ട ഉത്തർപ്രദേശിലെ പാൽ വിതരണക്കാർക്ക് 105 കോടിയിലധികം രൂപയുടെ ബോണസും അദ്ദേഹം കൈമാറി.
വാരാണസിയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ വിവിധ റോഡ് പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. വാരാണസി റിംഗ് റോഡിനും സാരനാഥിനും ഇടയിലുള്ള പാലം,ഭിഖാരിപൂർ,മണ്ടുവാഡി ക്രോസിംഗുകളിലെ മേൽപ്പാലങ്ങൾ,വാരാണസി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദേശീയ പാതാ 31-ൽ 980 കോടിയിലധികം രൂപയുടെ അണ്ടർപാസ് ടണൽ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിട്ടു. കഴിഞ്ഞ ദശകത്തിൽ വാരാണസിയിലും പരിസര പ്രദേശങ്ങളിലും ഗതാഗത മേഖലയിൽ ഏകദേശം 45,000 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ,മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂട്ടമാനഭംഗം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം
വാരാണസിയിൽ 19കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. ഇന്നലെ തന്റെ മണ്ഡലമായ വാരാണസിയിൽ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ എത്തിയപ്പോൾ സിറ്റി പൊലീസ് കമ്മിഷണർ,ഡിവിഷണൽ കമ്മിഷണർ,ജില്ലാ മജിസ്ട്രേറ്റ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സംഭവത്തിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചിരുന്നു. മാർച്ച് 29 ന് സുഹൃത്തിനെ കാണാൻ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ചിലർ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ നാലിനാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഗുരുതരവസ്ഥയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിലാക്കി. സംഭവത്തിൽ ഇതുവരെ 9പേർ അറസ്റ്റിലായി.