പുഴത്തീരം അരിച്ചുപെറുക്കി സംഘം പുലി കാണാമറയത്ത്
ചാലക്കുടി: ചാലക്കുടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ അഞ്ച് മണിക്കൂർ നടത്തിയ പരിശോധന വിഫലം. ഒരു മാസക്കാലമായി ഭീതി പടർത്തുന്ന പുലിക്കായ് ചാലക്കുടിപ്പുഴയുടെ ഇരു കരകളിലും വനം വകുപ്പ് വിപുലമായ തെരച്ചിൽ നടത്തി. പൊലീസ് ,അഗ്‌നിശമന സേന എന്നിവയുടെ സഹകരണത്തോടെ ഉച്ചവരെയായിരുന്നു സംയുക്ത പരിശോധന. പുഴയുടെ ഇരുകരകളിലുമായി മുരിങ്ങൂർ മുതൽ കാടുകുറ്റി വരെ ആറ് കിലോ മീറ്റർ ദൂരം അന്വേഷണം നീണ്ടു. ഓരോ പ്രദേശത്തും ജനപ്രതിനിധികളും പരിസരത്തെക്കുറിച്ച് വ്യക്തമായ തിരിച്ചറിവുള്ള നാട്ടുകാരും ഉൾപ്പെടെ 80 ഓളം പേരടങ്ങുന്ന സംഘം പുഴയുടെ ഇടതു വലതുകര പ്രദേശങ്ങളിലാണ് തെരച്ചിൽ നടത്തിയത്. തോക്ക്,ഷീൽഡ്,റബർ ബുള്ളറ്റ് തോക്ക്, മയക്കു വെടിക്കുള്ള സിറിഞ്ച് എന്നിവയടക്കം ഹെൽമറ്റ് ധരിച്ചായിരുന്നു പരിശോധന. എട്ടു പേർ അടങ്ങുന്ന ആറ് സംഘങ്ങളായിരുന്നു വാഴച്ചാൽ ഡിവിഷൻ പരിധിയിൽ. ഏഴ് ഗ്രൂപ്പുകൾ അടങ്ങുന്നതാണ് ചാലക്കുടി മേഖലയിലെ ദൗത്യസേന. ഇരു കേന്ദ്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ ക്യാമ്പ് ഓഫീസിൽ ഇരുന്ന് ഡിവിഷണൽ ഫോറസ്റ്റ് മേധാവികളായ ആർ.ലക്ഷ്മി, എം.വെങ്കിടേശൻ എന്നിവർ പ്രവർത്തനം നിയന്ത്രിച്ചു. അതിരപ്പിള്ളി റേഞ്ച് ഓഫീസർ വി.ജെ.ജീഷ്മ, അസി.ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.ബിനോയ് സി.ബാബു എന്നിവർ നേതൃത്വം നൽകി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.സുനിത, പ്രിൻസി ഫ്രാൻസീസ് എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
കാട്ടിലേയ്ക്ക് പോയെന്ന് നിഗമനം
ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ നടത്തിയ പരിശോധന വിഫലമായതോടെ പുഴയുടെ തീരപ്രദേശങ്ങളിൽ നിന്ന് പുലി കാട്ടിലേയ്ക്ക് തിരിച്ചു പോയിട്ടുണ്ടാകുമെന്ന നിഗമത്തിൽ വനം വകുപ്പ്. എങ്കിലും തുടർന്നും ദൗത്യ സംഘത്തിന്റെ നിരീക്ഷണം തുടരും. കെണിക്കൂടുകളും നിരീക്ഷണ ക്യാമറകളും സ്ഥലത്തു നിന്നും മാറ്റില്ലെന്ന് ഉദ്യോസ്ഥർ അറിയിച്ചു.