ഫോണിലൂടെ മുത്തലാഖ് ചൊല്ലി

Saturday 12 April 2025 1:47 AM IST

പരാതിയുമായി യുവതി

മലപ്പുറം: ഊരകത്ത് ഭാര്യയെ മൊബൈൽ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. ഭർത്താവ് കൊണ്ടോട്ടി തറയട്ടാൽ ചാലിൽ വീരാൻകുട്ടിക്കെതിരെ യുവതി മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. 11 മാസം പ്രായമുള്ള മകളുണ്ട്. യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ച് മകളെ മൂന്ന് തലാഖും ചൊല്ലിയെന്ന് അറിയിച്ച് ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാമെന്ന് പറയുകയായിരുന്നു. രണ്ടുമാസം മുമ്പ് മുത്തലാഖ് ചെയ്യുമെന്ന് യുവതിയുടെ പിതാവിനെ വീരാൻകുട്ടി അറിയിച്ചിരുന്നു.

രോഗിയായ പെണ്ണിനെയാണ് വിവാഹം കഴിച്ച് നൽകിയതെന്ന് പറഞ്ഞ് വീരാൻകുട്ടി അധിക്ഷേപിക്കുമായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞതു മുതൽ സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറവെന്നും പറഞ്ഞ് ഉപദ്രവിക്കുമായിരുന്നു. ഗർഭിണിയായിരിക്കെ തലകറങ്ങി ബോധം കെട്ടുവീണ് സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്ന്, മാരകരോഗങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വീരാൻകുട്ടി വീട്ടിലേക്ക് മടക്കിവിട്ടു. വിവാഹസമയത്ത് വീട്ടുകാർ നൽകിയ 30 പവൻ സ്വർണാഭരണങ്ങൾ വീരാൻകുട്ടിയുടെ മാതാവാണ് സൂക്ഷിച്ചിരുന്നതെന്നും പരാതിയിലുണ്ട്.

40 ദിവസം മാത്രമായിരുന്നു യുവതി ഭർതൃഗൃഹത്തിൽ കഴിഞ്ഞത്. കുഞ്ഞ് ജനിച്ച ശേഷവും യുവതിയുമായോ കുഞ്ഞുമായോ യാതൊരു ബന്ധവും വീരാൻകുട്ടി പുലർത്തിയിരുന്നില്ല. ഇതിനിടെ പ്രശ്ന പരിഹാരത്തിനായി മദ്ധ്യസ്ഥ ചർച്ചകളും നടന്നിരുന്നു.