നൈനാർ 'അമ്മ' കടാക്ഷിച്ച നേതാവ് വിവാദങ്ങളിൽ പതാറാത്ത പോരാളി

Saturday 12 April 2025 1:04 AM IST

ചെന്നൈ: 2016 ജയലളിതയുടെ മരണം വരെ അണ്ണാ ഡി.എം.കെ നേതാവായിരുന്ന നൈനാർ നാഗേന്ദ്രൻ. ഇപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എത്തുന്നത് അണ്ണാ ഡി.എം.കെയ്ക്കു കൂടി സ്വീകാര്യനായ നേതാവ് എന്ന് നിലയ്ക്കാണ്. സംസ്ഥാനപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്ക് പാർട്ടിയുടെ 10വർഷത്തെ പ്രാഥമികാംഗത്വം വേണമെന്നാണ് വ്യവസ്ഥ. എന്നാൽ,നൈനാർ നാഗേന്ദ്രന് വേണ്ടി ഇക്കാര്യത്തിൽ ഇളവ് നൽകി. 2017ലാണ് നൈനാർ നാഗേന്ദ്രൻ പാർട്ടിയിൽ ചേർന്നത്. 2020 മുതൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസി‌ഡന്റായി.

അണ്ണാമലൈയെ പോലെ ക്ലീൻ ഇമേജുള്ള നേതാവല്ല നൈനാ‌ർ,മന്ത്രിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെ നേരിട്ടിരുന്നു. അണ്ണാ ഡി.എം.കെയുടെ ശക്തനായ യുവജനനേതാവ് എന്ന മേൽവിലാസത്തിൽ തിരുനൽവേലിയിൽനിന്ന് ജയിച്ച് ആദ്യമായി നിയമസഭയിൽ എത്തിയത് 2001ൽ. ആ വർഷം തന്നെ ജയലളിത മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി. അടുത്ത വർഷം നടന്ന പുനഃസംഘടനയിലൂടെ വൈദ്യുതി വകുപ്പുകൂടി നൈനാറിന്റെ കൈകളിൽ. ജയലളിത മാറിനിന്ന സമയത്ത് ഒ.പി.എസ് മന്ത്രിസഭയിലും നൈനാർ തുടർന്നു. 2006ൽ മത്സരിച്ചെങ്കിലും 601വോട്ടിനു തോറ്റു. 2011ൽ വീണ്ടും തിരുനെൽവേലിയിൽനിന്നു വിജയം. പക്ഷേ അത്തവണ മന്ത്രിസഭയിലെത്തിയില്ല. 2016ൽ വീണ്ടും പരാജയം.

ബി.ജെ.പി ടിക്കറ്റിൽ 2019ൽ തിരുനെൽവേലി ലോക്സഭാ മണ്ഡലത്തിൽനിന്നു നൈനാർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2021ൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സംസ്ഥാന നിയസഭയിലേക്ക് നടന്ന മത്സരത്തിൽ വിജയം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2001-06 കാലഘട്ടത്തിൽ മന്ത്രിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കുറ്റത്തിന് നൈനാർ നാഗേന്ദ്രന്റെ സ്ഥാപനങ്ങളിൽ തമിഴ്നാട് വിജിലൻസ് റെയ്ഡ് നടത്തി. അഴിമതി നിരോധന നിയമപ്രകാരം 3.9 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നാഗേന്ദ്രനും ഭാര്യയ്ക്കും മറ്റു നാല് ബന്ധുക്കൾക്കുമെതിരെ 2010 ഡിസംബറിൽ വിജിലൻസ് ഡയറക്ടറേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തമിഴ്നാട് ബി.ജെ.പിയെ പിടിച്ചുകുലുക്കിയ താംബരം കുഴൽപ്പണക്കേസിന്റെ സംശയമുന തിരിഞ്ഞതും നൈനാറിനെതിരെയായിരുന്നു. നെല്ലൈ എക്സ്പ്രസിൽ യാത്ര ചെയ്ത മൂന്നു പേരിൽനിന്നാണ് 4 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തത്. സംഭവത്തോടനുബന്ധിച്ച് അറസ്റ്റിലായവരിൽ ഒരാൾ നൈനാറിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ പുരസൈവാക്കത്തെ ഹോട്ടൽ ബ്ലൂ ഡയമണ്ടിന്റെ മാനേജരായിരുന്നു. ആണ്ടാളിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ 2018 ജനുവരിയിൽ പ്രശസ്ത തമിഴ് ഗാനരചയിതാവും എഴുത്തുകാരനുമായ വൈരമുത്തുവിനെതിരെ നൈനാർ വധഭീഷണി മുഴക്കിയത് വൻവിവാദമായിരുന്നു.